
പത്തനംതിട്ടയിലെത്തിയ കലാനിലയത്തിന്റെ രക്തരക്ഷസ് നാടകത്തിന് നല്ലപോലെ ആളുകൂടി. സ്കൂൾ വിദ്യാർത്ഥികളായിരുന്നു യക്ഷിയെ കാണാനെത്തിയവരിൽ നല്ലൊരു പങ്കും. പുതിയ പിള്ളേർക്ക് യക്ഷിയെ പേടിയില്ല. നാടകം കണ്ട് കൂളായാണ് അവർ മടങ്ങിയത്. പണ്ട് സന്ധ്യമയങ്ങിയാൽ യക്ഷിയെയും മാടനെയും മറുതയെയും പേടിച്ച് വീടിന് വേളിയിലിറങ്ങാതെ ജീവിച്ചവർ പുതിയ പിള്ളേരുടെ ധൈര്യം കണ്ട് മൂക്കത്തു വിരൽവച്ചുപോയി. പണ്ട് ഇരുട്ടുവാക്കിന് നടന്നുവരുമ്പോൾ പറമ്പിലെ വാഴയുടെ നിഴൽകണ്ടാൽ പോലും യക്ഷിയാണെന്ന് കരുതി ജീവനുംകൊണ്ട് തിരിഞ്ഞോടിയവരുണ്ട്. ഒാടാനുള്ള ത്രാണിയില്ലാതെ ബോധം കെട്ടുവീണവരുമുണ്ട്. അത്രയ്ക്കുണ്ടായിരുന്നു പഴയ യക്ഷിയുടെ പവർ. ചുണ്ണാമ്പ് ചോദിച്ച് അടുത്തുകൂടി ആളെ മയക്കി ചോരകുടിക്കുന്ന സുന്ദരി നാട്ടുകഥകളിലെ നായികയായിരുന്നു. യക്ഷിയെ പിടികൂടാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന മന്ത്രവാദികൾ ചുട്ടകോഴിയെ പറപ്പിച്ച കഥകൾ വേറെ. ഉച്ചിയിൽ ആണിയടിച്ച് അവർ യക്ഷിയെ കുടുക്കി. പക്ഷേ ഒന്നും രണ്ടുമല്ലല്ലോ പത്തും പതിനായിരവുമില്ലേ യക്ഷി. അതുകൊണ്ട് മന്ത്രവാദികൾക്ക് പിന്നെയും പണിയുണ്ടായിരുന്നു. ആദ്യകാലത്ത് മുണ്ടും നേര്യതുമായിരുന്നു യക്ഷിയുടെ വേഷം. സിനിമ വന്നതോടെ വെള്ളസാരി ചുറ്റിയായി യക്ഷിയുടെ ഫാഷൻ പരേഡ്. യക്ഷിയുമായി നേർക്കുനേർ പോരാട്ടം നടത്തിയവരിൽ പ്രമുഖൻ കടമറ്റത്തു കത്തനാരാണ്. യക്ഷിയെ തളയ്ക്കാൻ സർവ നാട്ടുകാരും കടമറ്റത്തു കത്തനാരുടെ സഹായം തേടി. പലനാടുകൾ താണ്ടിയ കൂട്ടത്തിൽ കത്തനാർ പത്തനംതിട്ടയിലും വന്നുകാണുമോ?. ഏതായാലും യക്ഷിക്ക് പഞ്ഞമില്ലാത്ത നാടാണ് അന്നുമിന്നും പത്തനംതിട്ട. പണ്ട് യക്ഷിയെ നേരിട്ട് കണ്ടവരുണ്ടെങ്കിൽ ഇന്ന് യക്ഷിയെ പടയണിയിലേ കാണുന്നുള്ളു. സുന്ദരയക്ഷി , അന്തരയക്ഷി, അംബരയക്ഷി എന്നിങ്ങനെ പടയണിയിൽ പലതരം യക്ഷികളുണ്ട്. പടയണിയിലെ യക്ഷി പാളക്കോലത്തിലാണ്. അതുകൊണ്ട് ചോരകുടിക്കില്ല. ചില കാവുകളിലും കാട്ടിലും ഇപ്പോഴും യക്ഷിയുണ്ടെന്ന് പഴമക്കാർ പറയുന്നു. കുമ്പഴയ്ക്കടുത്തുള്ള കടവുപുഴയിലെ പേക്കാവിലേക്ക് യക്ഷിയെ പേടിച്ച് പോകാൻ ഇപ്പോഴും ആളുകൾക്ക് ധൈര്യം പോര. പണ്ട് പാലപ്പൂമണമായിരുന്നു യക്ഷിയുടെ സിഗ്നൽ. കരിമ്പനയിലായിരുന്നു താമസം.
മല്ലപ്പള്ളിക്കടുത്തുള്ള വായ്പൂരിൽ ആകാശം തൊട്ടുനിൽക്കുന്ന കരിമ്പനകളുണ്ട്. അതുവഴി പോകുമ്പോൾ കരിമ്പനകളിൽ ഒന്നിന്റെ മുകളിൽ ആളനക്കം കണ്ട് ഭയന്ന് ചോദിച്ചു- ." യക്ഷിയാണോ ? "
നാട്ടുകാരൻ ആശ്വസിപ്പിച്ചു. - "പേടിക്കണ്ട, യക്ഷിയല്ല, കള്ളുചെത്തുന്ന കക്ഷിയാണ്."
---------------
ചില കാവുകളിലും കാട്ടിലും ഇപ്പോഴും യക്ഷിയുണ്ടെന്ന് പഴമക്കാർ പറയുന്നു. കുമ്പഴയ്ക്കടുത്തുള്ള കടവുപുഴയിലെ പേക്കാവിലേക്ക് യക്ഷിയെ പേടിച്ച് പോകാൻ ഇപ്പോഴും ആളുകൾക്ക് ധൈര്യം പോര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |