
പെരിങ്ങനാട് : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ കെട്ടുകാഴ്ചയും ആറാട്ടും ഭക്തിസാന്ദ്രമായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ക്ഷേത്രത്തിന്റെ വിവിധ കരകളിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കെട്ടുകാഴ്ചകൾ അടൂരിന്റേയും പെരിങ്ങനാടിന്റെയും വീഥികളെ ഉത്സവലഹരിയിൽ ആറാടിച്ചു ക്ഷേത്രത്തിലേക്കെത്തി. മഹാദേവൻ ഇരട്ടജീവിതയിലേറി നാലമ്പലത്തിനു പുറത്തേക്ക് കൊടിമര ചുവട്ടിൽ വന്നപ്പോഴേക്കും ഹര ഹര മഹാദേവ വിളികളാൽ ക്ഷേത്ര പരിസരം ഭക്തി മുഖരിതമായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രധാന ഗോപുര വാതിലിലേക്ക് ജീവിത എഴുന്നള്ളിയെത്തിയതോടെ നന്ദികേശ രൂപവുമായി ക്ഷേത്രത്തിനു മുന്നിൽ എത്തിയ കരക്കാർ ഹർഷാരവത്തോടെ ഭഗവാനെ വരവേറ്റു. ഓരോ കരയുടെയും കെട്ടുകാഴ്ചയ്ക്കും മുന്നിലെത്തി ജീവിത എഴുന്നള്ളത്ത് അനുഗ്രഹം നൽകിയതോടെ കരക്കാർ പുഷ്പവൃഷ്ടി കൊണ്ട് എഴുന്നള്ളത്തിനെ വരവേറ്റു.
ഇതേസമയം ഓരോ കരയുടെയും കെട്ടുകാഴ്ചകൾ തെക്കു വശത്തുള്ള വിശാലമായ മൈതാനത്തേക്ക് നീങ്ങി കൊണ്ടിരുന്നു .അവിടെ പ്രത്യേകം അടയാളപ്പെടുത്തിയ ഇടങ്ങളിൽ ഓരോ കരയുടെയും കെട്ടുകാഴ്ചകളും അണിനിരന്നു . ഈ സമയത്ത്, ജീവതയിൽ എഴുന്നെള്ളി മഹാദേവർ ഓരോ കെട്ടുരുപ്പടിയുടെയും അടുത്തെത്തി ആറാട്ടിനായി കുളക്കടവിലേക്ക് നീങ്ങി . പുലർച്ചെ ആറാട്ട് കഴിഞ്ഞ് തീവെട്ടികളുടെയും ചൂട്ടുകറ്റകളുടെയും പ്രഭയിൽ മഹാദേവർ ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിയതോടെ പത്തുനാൾ നീണ്ട ഉത്സവത്തിന് സമാപനമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |