SignIn
Kerala Kaumudi Online
Thursday, 25 June 2026 11.28 AM IST

കക്കൂസ് മാലിന്യ സംസ്കരണത്തിന് സംവിധാനമില്ല, നാടുനീളെ നാറ്റക്കേസ് !

ullannoor
കുളനട ഗ്രാമപഞ്ചായത്തിലെ ഉള്ളന്നൂർ ആർ.ആർ.യു.പി സ്കൂളിന് സമീപം കുളനട ആറന്മുള റോഡരുകിൽ കക്കൂസ് മാലിന്യം ഒഴുക്കിയ നിലയിൽ

പത്തനംതിട്ട : ജില്ലയിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സെപ്ടിക്ക് ടാങ്കുകളിൽ നിന്ന് ദിവസേന ഒരു ലക്ഷം ലിറ്റർ കക്കൂസ് മാലിന്യം സ്വകാര്യ ഏജൻസികൾ ടാങ്കർ ലോറികളിൽ ശേഖരിക്കുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്.

എന്നാൽ ഈ മാലിന്യം എങ്ങനെ സംസ്കരിക്കുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.

കക്കൂസ് മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ സംവിധാനമില്ലാത്ത ജില്ലയിൽ ടാങ്കർ ലോറികളിൽ ശേഖരിക്കുന്ന മാലിന്യം നാടുനീളെ ഒഴുക്കുകയാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. നദികളിലും തോടുകളിലും കനാലുകളിലും റോഡുവക്കിലും പാടശേഖരങ്ങളിലും തണ്ണീർത്തടങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവായിരിക്കുന്നു. ജലക്ഷാമം രൂക്ഷമായ ജില്ലയിലെ കുടിവെള്ള സ്രോതസുകളെ മലിനപ്പെടുത്തുന്നതിനൊപ്പം പകർച്ചവ്യാധികൾക്കും ഇത് വഴിയൊരുക്കുന്നു.

സെപ്ടിക്ക് ടാങ്ക് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ജില്ലയിൽ സംവിധാനമില്ല. ശേഖരിക്കുന്ന മാലിന്യം ജലാശയങ്ങളിൽ ഒഴുക്കുന്നതുമൂലം ജലത്തിൽ

കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണ്.

ട്രീറ്റ്മെന്റ് പ്ലാന്റിന് സ്ഥലമില്ല

ജില്ലയിൽ കക്കൂസ് മാലിന്യസംസ്കരണത്തിന് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഏറെശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. ജനവാസമില്ലാത്ത കൊടുമൺ എസ്റ്റേറ്റിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ജില്ലാഭരണകൂടം സ്ഥലം കണ്ടെത്തിയെങ്കിലും പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും എതിർപ്പുമൂലം ഉപേക്ഷിക്കേണ്ടിവന്നു.

സ‌ഞ്ചരിക്കുന്ന ട്രീറ്റ് മെന്റ് പ്ലാന്റ്

ജില്ലയിൽ ശുചിമുറി മാലിന്യ സംസ്‌കരണത്തിന് പറക്കോട് ബ്ലോക്ക് പഞ്ചായത്തും പന്തളം നഗരസഭയും മാത്രമാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിനായി വാഹനത്തിൽ ട്രീറ്റ്മെന്റ് പ്ളാന്റ് ഒരുക്കിയിരിക്കുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 6000 ലിറ്റർ കക്കൂസ് മാലിന്യം സംസ്ക്കരിക്കുന്നതി 4000രൂപയും ബ്ലോക്ക് പഞ്ചായത്തിന് പുറത്ത് 5000 രൂപയുമാണ് ഫീസ് ഇടാക്കുന്നത്.


നിറയെ പരാതികൾ

കഴിഞ്ഞദിവസം കുളനടയിൽ നാലിടങ്ങളിലാണ് കക്കൂസ് മാലിന്യം തള്ളിയത്. മാലിന്യമൊഴുക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഇലവുംതിട്ട, പന്തളം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.

തിരുവല്ല ബൈപ്പാസിൽ മഴുവങ്ങാട് ചിറയിലേക്കും കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. സമീപ ജില്ലകളിൽ നിന്നുപോലും ഇവിടെ മാലിന്യം എത്തിക്കുന്നു. മാലിന്യം തള്ളിയ ടാങ്കർ ലോറികൾ നാട്ടുകാർ പിടികൂടുന്നതും സംഘർഷവും പൊലീസിന് കൈമാറുന്നതും പതിവാണ്.

ജില്ലയിൽ ഒരുദിവസം ശേഖരിക്കുന്ന

കക്കൂസ് മാലിന്യം: 1,00,000 ലിറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL