
ആറന്മുള : പളളിയോട സേവാസംഘം പത്തനംതിട്ട ജില്ലാ പഞ്ചായത്തുമായി ചേർന്ന് നടത്തുന്ന വഞ്ചിപ്പാട്ട് പഠന കളരിക്ക് തിങ്കളാഴ്ച തുടക്കം. ആറന്മുളയുടെ പരമ്പരാഗത വഞ്ചിപ്പാട്ട് ശൈലി പരിശീലിപ്പിക്കുന്നതിനും പുതു തലമുറയ്ക്ക് വഞ്ചിപ്പാട്ടിൽ താത്പര്യം ഉണ്ടാക്കുന്നതിനുമായി ജില്ലാ പഞ്ചായത്തുമായി ചേർന്ന് കഴിഞ്ഞ 25 വർഷമായി പരിശീലന കളരി നടത്തുന്നു. ഈ വർഷത്തെ കളരി തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ മൂന്ന് മേഖലകളായി തിരിച്ചാണ് നടത്തുന്നത്. രാവിലെ ഒൻപത് മുതലാണ് പരിശീലനം നടക്കുന്നത്. കരകളിലെ പരിചയ സമ്പന്നരായ വഞ്ചിപ്പാട്ട് ആചാര്യൻമാർ കളരിക്ക് നേതൃത്വം നൽകും. തിങ്കളാഴ്ച രാവിലെ ഒൻപതിന് കിഴക്കൻ മേഖലയിലെ കളരി ഇടപ്പാവൂർ ക്ഷേത്രത്തിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം അനുരാധ ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. പളളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ അദ്ധ്യക്ഷത വഹിക്കും. മദ്ധ്യ മേഖല കളരി ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്തംഗം സവിതാ അജയകുമാർ ഉദ്ഘാടനം ചെയ്യും. സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അദ്ധ്യക്ഷത വഹിക്കും. പടിഞ്ഞാറൻ മേഖലയിലെ കളരി ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ എൻ.എസ്.എസ്. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. സേവാസംഘം എക്സിക്യൂട്ടീവ് അംഗം ഡോ.സുരേഷ്ബാബു അദ്ധ്യക്ഷത വഹിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ വഞ്ചിപ്പാട്ട് സമർപ്പണം 20ന് ആറന്മുള ക്ഷേത്രത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. മൂന്ന് മേഖലകളിൽ നിന്നായി 500 ഓളം കുട്ടികൾ പരിശീലന കളരിയിൽ പങ്ക് ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |