
തിരുവല്ല : രണ്ട് പതിറ്റാണ്ടിനുശേഷം തിരുവല്ല നിയോജകമണ്ഡലത്തിൽ യു.ഡി.എഫിന് എം.എൽ.എയെ ലഭിച്ചതിന്റെ ആവേശത്തിലാണ് ഐക്യജനാധിപത്യ മുന്നണിയും പ്രവർത്തകരും. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മണ്ഡലം നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ പൂർത്തിയാകാത്തതും ജനങ്ങൾ കൂടുതലായി ഉന്നയിക്കുന്നതുമായ നിരവധി വികസനപ്രശ്നങ്ങളുണ്ട്.
വർഷങ്ങൾക്കുമുമ്പ് 83കോടി രൂപ അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ ഒട്ടേറെ പരിശ്രമങ്ങൾ നടത്തിയിട്ടും ഒന്നും ഫലംകണ്ടില്ല. തിരുവല്ല നഗരസഭയും 11പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ ഗ്രാമീണമേഖലയിലെ റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണം.
ട്രാക്കോ ഫാക്ടറിയുടെ ദുരവസ്ഥ
പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ പ്രവർത്തനം ഏതാനും വർഷങ്ങളായി നിലച്ചിരിക്കുകയാണ്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനി പുനരുജ്ജീവിപ്പിക്കാൻ പലവിധശ്രമങ്ങൾ നടത്തിയെങ്കിലും ഇനിയും സുഗമമായ പ്രവർത്തനം തുടങ്ങിയിട്ടില്ല.
വെള്ളപ്പൊക്ക ഭീതിയൊഴിയാതെ അപ്പർകുട്ടനാട്
പമ്പ, മണിമല നദികളുമായി ബന്ധപ്പെട്ട പ്രളയഭീഷണിയിലാണ് അപ്പർകുട്ടനാടൻ മേഖല. കിഴക്കൻവെള്ളത്തിന്റെ വരവോടെ മണ്ഡലത്തിലെ പകുതിയിലേറെ ജനങ്ങൾ വെള്ളപ്പൊക്കത്തിന്റെ കെടുതികളിലാകും. നദികളിലൂടെ വരുന്ന വെള്ളത്തിന് സുഗമമായി കടലിലേക്ക് ഒഴുകിപ്പോകാനുള്ള തടസ്സങ്ങളാണ് വെള്ളപ്പൊക്കത്തിന്റെ പ്രധാനകാരണം. പ്രദേശത്തെ ജീവനാഡിയായ തോടുകൾ ആഴവും വീതിയുംകൂട്ടി ശുചീകരിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകും. എ.സി കനാലും കുട്ടനാട് മേഖലയിലെ മറ്റ് തോടുകളും ആഴംകൂട്ടി ശുചീകരിക്കാത്തതും അപ്പർകുട്ടനാട് മേഖലയിലെ വെള്ളപ്പൊക്ക ദുരിതങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ പ്രശ്‌നത്തിന് ഫലപ്രദമായ ഇടപെടൽ ഇതുവരെയും ഉണ്ടായിട്ടില്ല.
ഗതാഗതം ,കുടിവെള്ളം
തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസനം,എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ്, യാത്രാ സൗകര്യങ്ങൾ എന്നിവ സാദ്ധ്യമാക്കണം. കെ.എസ്.ആർ.ടി.സി സർവീസുകളുടെ കുറവ്, രാത്രി സർവീസുകളുടെ അഭാവം. തിരുവല്ലയിൽ കുടിവെള്ള പ്രശ്നവുമുണ്ട്. പമ്പയും മണിമലയും മണ്ഡലത്തിലൂടെ ഒഴുകുന്നുണ്ടെങ്കിലും പല കുടുംബങ്ങൾക്കും ഇന്നും കുടിവെള്ളം കിട്ടാക്കനിയാണ്. മല്ലപ്പള്ളിയിൽ കുടിവെള്ള പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്.
മുട്ടിലിഴഞ്ഞ് ആരോഗ്യമേഖല
സർക്കാർ ആശുപത്രികളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ കുറവും മറ്റു സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രധാന പ്രശ്നമാണ്. തിരുവല്ല,മല്ലപ്പള്ളി താലൂക്കാശുപത്രികളുടെ വികസനം. ഗ്രാമപ്രദേശങ്ങളിൽ കിടത്തിച്ചികിത്സാ സൗകര്യങ്ങളുടെ കുറവ്. അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും രാത്രിയിലും മെച്ചപ്പെട്ട ചികിത്സയ്ക്ക് മറ്റിടങ്ങളിൽ പോകണം.വയോജന ജനസംഖ്യ കൂടുതലുള്ള തിരുവല്ലയിൽ ജീറിയാട്രിക് കെയർ ആത്യാവശ്യമാണ്.
വളർച്ചയില്ലാതെ കാർഷികമേഖല
നെൽകൃഷി വർദ്ധിപ്പിക്കാൻ കൂട്ടായ നടപടിയില്ല. കാലാവസ്ഥാമാറ്റവും കൃഷിച്ചെലവ് വർദ്ധിക്കുന്നതും തൊഴിലാളിക്ഷാമവും പ്രതിസന്ധിയാണ്. പാടശേഖരങ്ങളിൽ വെള്ളനിയന്ത്രണ പ്രശ്നങ്ങളുണ്ട്. കാർഷികമേഖലയിൽ വിളവ് വർദ്ധിപ്പിച്ച് ഉത്പന്നങ്ങൾക്ക് സ്ഥിരവില ലഭിക്കാത്തത്.
മാസ്റ്റർപ്ലാൻ വേണം
മാലിന്യ സംസ്കരണപ്രശ്നങ്ങൾ,പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത, ആധുനിക മാർക്കറ്റ് സംവിധാനങ്ങളുടെ കുറവ്, മാസ്റ്റർപ്ലാൻ രൂപീകരണം, നദി,പ്രകൃതി,പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം, മതം-സാംസ്കാരിക മേഖലയിലെ ടൂറിസം സാധ്യതകൾ ഉപയോഗിക്കുന്നില്ല.
യുവജന-തൊഴിൽ മേഖല
പഠിച്ച യുവാക്കളുടെ വിദേശ കുടിയേറ്റം. ഐ.ടി /സ്റ്റാർട്ടപ്പ് മേഖലയിൽ തൊഴിലവസരങ്ങളുടെ കുറവ്.സ്കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങളുടെ അഭാവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |