
കലഞ്ഞൂർ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കലഞ്ഞൂർ ഹൈസ്കൂൾ ജംഗ്ഷനിലെ അപകടങ്ങൾ കുറയ്ക്കാൻ കെ.എസ്.ടി.പി നടപടി എടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. പുനലൂർ - മൂവാറ്റുപുഴ റോഡിൽ അപകടങ്ങളുടെ ബ്ളാക്ക് സ്പോട്ടുകളിൽ പെട്ടതാണ് കലഞ്ഞൂർ ജംഗ്ഷനും ഹൈസ്കൂൾ ജംഗ്ഷനും. നിരവധി അപകടങ്ങൾ നടന്നതിന്റെ അടയാളങ്ങൾ ഇപ്പോഴും ഹൈസ്കൂൾ ജംഗ്ഷനിലുണ്ട്. നിയന്ത്രണം വിട്ട വാഹനങ്ങൾ ഇടിച്ചിട്ട തെരുവ് വിളക്ക് പോസ്റ്റുകൾ, ഫുട്പാത്തിനെയും റോഡിനെയും വേർതിരിക്കുന്ന കമ്പികൾ കൊണ്ടുള്ള കൈവരികൾ, വാഹനങ്ങൾ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോഴുണ്ടായ ടയറിന്റെ അടയാളങ്ങൾ എന്നിങ്ങനെ. വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്ത റോഡിൽ അമിത വേഗതയിലാണ് വാഹനങ്ങളുടെ സഞ്ചാരം. സ്കൂൾ ഉണ്ടെന്ന സിഗ്നൽ ബോർഡ് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുകയില്ല. ചീറിപ്പായുന്ന വാഹനങ്ങൾ പരിസരവാസികളെ ഭയപ്പെടുത്തുന്നുണ്ട്. നടന്നു പോകുന്നവർ റോഡ് ക്രോസ് ചെയ്യുന്നത് അപകട ഭീതിയുണ്ടാക്കുന്നു. റോഡ് ക്രോസ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം നിർമിച്ച ഒാവർ ബ്രിഡ്ജ് സ്കൂൾ കോമ്പൗണ്ടിലാണ് അവസാനിക്കുന്നത്.
♦ വളവും വീതിക്കുറവും
പുനലൂർ - മൂവാറ്റുപുഴ ഹൈവേയിൽ കലഞ്ഞൂർ ഹൈസ്കൂൾ ജംഗ്ഷനിൽ റോഡിന് വീതി കുറവും പോസ്റ്റോഫീസ് ജംഗ്ഷനിൽ വീതി കൂടുതലും. പോസ്റ്റോഫീസ് ജംഗ്ഷനിലെ വളവ് പിന്നിട്ട് ഹൈസ്കൂൾ ജംഗ്ഷനിലേക്ക് എത്തുമ്പോഴേക്കും വീതി കുറഞ്ഞത് അപകടങ്ങൾ വിളിച്ചുവരുത്തുന്നു. ഹൈസ്കൂൾ ജംഗ്ഷനിൽ മാനദണ്ഡപ്രകാരമുള്ള വീതിയിൽ റോഡ് നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ കല്ലിട്ടിരുന്നു. എന്നാൽ, കെ.എസ്.ടി.പി ഉദ്യോഗസ്ഥരെ സ്വാധീനിച്ച ചിലർ ആവശ്യത്തിന് സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആക്ഷേപമുണ്ട്. അടൂർ, പാടം റോഡുകൾ സംഗമിക്കുന്ന കലഞ്ഞൂർ നാൽക്കവലയിൽ വേഗ നിയന്ത്രണത്തിന് സിഗ്നൽ ലൈറ്റുകൾ നിർമ്മിക്കണമെന്ന് ആവശ്യമുണ്ട്.
കലഞ്ഞൂർ ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്ന രീതിയിൽ സിഗ്നൽ ലൈറ്റുകളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം.
സലിം ഇലവുന്താനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |