
കോന്നി: ഡ്രൈവർമാരുടെയും മെഡിക്കൽ ടെക്നീഷ്യന്മാരുടെയും സമരത്തെ തുടർന്ന് 108 ആംബുലൻസുകളുടെ പ്രവർത്തനം നിലച്ചു. നിരാലംബരായ രോഗികൾക്കും അപകടത്തിൽ പരിക്കേറ്റവർക്കും സൗജന്യമായി ആശുപത്രിയാത്ര ഒരുക്കിയിരുന്ന ആംബുലൻസ് സർവീസിനാണ് വഴിമുടങ്ങിയിരിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ജി.വി.കെ ഗ്രൂപ്പാണ് സംസ്ഥാനത്ത് 108 ആംബുലൻസ് സർവീസ് നടത്തുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) വഴി സർക്കാർ കമ്പനിയുമായി കരാർ ഉറപ്പിച്ചിരിക്കുന്നു. അടുത്ത അഞ്ചു വർഷത്തേക്കുള്ള നടത്തിപ്പ് കരാർ 224 കോടി രൂപയുടെ കുറവിലാണ് ജി വി കെ കമ്പനി ഏറ്റെടുത്തിട്ടുള്ളത്. ജീവനക്കാരെ കുറച്ചും ശമ്പളം കുറച്ചും നഷ്ടം നികത്താനാണ് കമ്പനിയുടെ ശ്രമം. 2019 – 24 കാലയളവിൽ 517 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്ന ടെൻഡറാണ് ഇത്തവണ 293 കോടി രൂപയ്ക്ക് കമ്പനി ഉറപ്പിച്ചത്. ചെലവ് കുറച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ശ്രമമാണ് ജീവനക്കാരുടെ സമരത്തിന് കാരണമായിട്ടുള്ളത്.
ഒഴിവാക്കും, വേതനം കുറയും
ശമ്പളം കുറച്ചും അകാരണമായി പിരിച്ചുവിട്ടും കരാർ കമ്പനി ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരം തുടരുന്നത്. മുമ്പ് 108 ആംബുലൻസിൽ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്നീഷ്യനും (നഴ്സ്) ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നഴ്സിന്റെ സേവനം ഒഴിവാക്കി. 23,000 രൂപയായിരുന്നു നഴ്സിന്റെ വേതനം. ഡ്രൈവർക്ക് 18,000 മുതൽ 21,000 വരെ ലഭിച്ചിരുന്നു. അഞ്ച് വർഷത്തിലേറെ സേവനമുള്ളവരാണ് ഏറെയും. നഴ്സിംഗ് ജീവനക്കാരെ ഒഴിവാക്കിയും കുറഞ്ഞ വേതനത്തിന് ഡ്രൈവർമാരെ നിയമിക്കാനുള്ള നീക്കമാണ് കരാർ കമ്പനി നടത്തുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം.
ജില്ലയിൽ 108 സേവനമുള്ള ആശുപത്രികൾ
കോന്നി മെഡിക്കൽ കോളേജ്, കോന്നി താലൂക്ക് ആശുപത്രി, പന്തളം കുടുംബാരോഗ്യ കേന്ദ്രം, എന്നാദിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം , ഏഴുമറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം , പള്ളിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം, ചിറ്റാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെച്ചുച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം, വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രം, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി.
കനിവ് 108 ആംബുലൻസ് സർവീസ്
2019 – 24 കാലയളവിലെ കരാർ തുക : 517 കോടി
പുതിയ കരാർ തുക : 293 കോടി
കരാറിൽ കുറവുണ്ടായത് : 224 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |