
പന്തളം : കാറിന്റെ ഡീസൽ ടാങ്കിൽ 395.296 ഗ്രാം എംഡി എം എ. കടത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യസൂത്രധാരനായ നൈജീരിയൻ സ്വദേശി സാമുവൽ ക്ലെഫ്‌സൺ ഒകാഫോർ (45) ഡൽഹിയിൽ നിന്ന് പൊലീസിന്റെ പിടിയിലായി. പന്തളം പൊലീസിന്റെയും പത്തനംതിട്ട ജില്ലാ ഡാൻസാഫ് ടീമിന്റെയും സംയുക്ത നീക്കത്തിലൂടെയാണ് അറസ്റ്റ്. സബ് ഇൻസ്‌പെക്ടർ എം മനീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം മേയ് 15ന് പന്തളം വലിയപാലത്തിന് സമീപം വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കേസിനാസ്പദമായ ലഹരിമരുന്ന് പിടികൂടിയത്. ബംഗളുരുവിൽ നിന്നും കാറിന്റെ ഡീസൽ ടാങ്കിനകത്ത് ഒളിപ്പിച്ചുകടത്തുകയായിരുന്ന എംഡി എം എ . കാറിലുണ്ടായിരുന്ന ഏഴംകുളം സ്വദേശി മുഹമ്മദ് ഷാ (36), അടൂർ പറക്കോട് സ്വദേശി ഷംനാദ് (36 ) എന്നിവരെ സംഭവസ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി . ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശ് കെഎസ് ., അടൂർ ഡിവൈ.എസ്.പി പ്രദീപ് കുമാർ വി. എസ്. എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. പന്തളം ഇൻസ്‌പെക്ടർ എസ് എച്ച് ഒ . സജീഷ് കുമാർ വി. എസ് ഐ മാരായ മനീഷ്, വിഷ്ണു യൂ.വി, എ.എസ് ഐ ഷൈൻ, പൊലീസ് ഉദ്യോഗസ്ഥരായ അൻവർഷാ, രഞ്ജിത്ത്, ശ്രീരാജ്, ജിതിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വൻ ലഹരിപ്പണമിടപാടുകൾ പുറത്തുവന്നത്. മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാൻ സ്വന്തം അക്കൗണ്ടിൽ നിന്നും 3,12,000.00 രൂപ സാമുവൽ ക്ലെഫ്‌സൺ ഒകാഫോറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരത്തെ അയച്ചതായി കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഷെബീന ഖാനെയും അറസ്റ്രുചെയ്തിരുന്നു.
കൂടുതൽ പേർ പിടിയിലാകും
സാമുവൽ ക്ലെഫ്‌സണെക്കുറിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഇയാൾക്ക് ഹിമാചൽ പ്രദേശിലെ ഷിംല സദർ പൊലീസ് സ്റ്റേഷനിൽ സമാനമായ രീതിയിൽ എൻ ഡി പി എസ് ആക്ട് പ്രകാരം കേസുണ്ടെന്ന് വ്യക്തമായി. ഇയാൾ ഡൽഹിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിഷ്ണു യു.വി , ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനീഷ് എം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അവിടെയെത്തി. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വെള്ളിയാഴ്ചയാണ് അറസ്റ്റുചെയ്തത്. കേരളത്തിലേക്ക് വൻതോതിൽ മാരക ലഹരിമരുന്നുകൾ എത്തിക്കുന്ന അന്തർസംസ്ഥാന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാൾ. പ്രതിയെ ഇന്നലെ പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിമരുന്ന് കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |