പത്തനംതിട്ട: വിദേശത്ത് പ്രിയമാണെങ്കിലും വാങ്ങാനാളില്ലത്തതിനെ തുടർന്ന് പഴങ്ങളുടെ രാജാവായ ദുരിയാൻ ചക്കയ്ക്ക് നാട്ടിൽ വില്പന കുറവ്. കച്ചവടക്കാർ വില്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും വിറ്റുപോകുന്നില്ല. പത്തനംതിട്ട റിംഗ് റോഡിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനും സ്റ്റേഡിയം ജംഗ്ഷനും ഇടയിലുള്ള നാടൻ പച്ചക്കറിക്കടയിൽ ദുരിയാൻ വില്പനയ്ക്കുണ്ട്. ഒരു ദുരിയാൻ ചക്കയ്ക്ക് 100 രൂപ യാണ് വില. കോന്നി കല്ലേലി ഭാഗത്തുനിന്നാണ് ദുരിയാൻ ഇവിടെ കൊണ്ടുവന്നത്. തായ്ലൻഡ്, ഹോങ്കോംഗ്, സിംഗപ്പൂർ, കംബോഡിയ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന പഴമാണിത്. സിംഗപൂരിന്റെ ഔദ്യോഗിക പഴം കൂടിയാണ് ദുരിയാൻ ..
ചെറിയ ചക്കയുടെ രൂപമാണിതിന്. .1 മുതൽ 5കിലോ വരെ ഭാരമുണ്ടാകുന്ന ഈ പഴത്തിന്റെ ഉൾവശം നാല് അറകളായി തിരിഞ്ഞിരിക്കുന്നു. ഇതിനുള്ളിലാണ് ക്രീം പോലെയുള്ള മാംസളമായ ചുളകളും വലിയ കുരുക്കളുമുള്ളത്. ഇനമനുസരിച്ച് ഇതിന്റെ തോടിന് പച്ചയോ തവിട്ടോ നിറമാണ്. ഉള്ളിലെ ചുളകൾക്ക് ഇളം മഞ്ഞ മുതൽ ചുവപ്പ് വരെയുള്ള നിറങ്ങളും
പോഷക സമൃദ്ധം,
ദുരിയാൻ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പഴത്തിൽ ഇരുമ്പ് സമ്പുഷ്ടമാണ്. വിറ്റാമിൻ സി യും പൊട്ടാസ്യത്തിന്റെ ഉയർന്ന സാന്ദ്രതയുമുണ്ട്. പേശികളുടെ ശക്തി വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ദഹനത്തെ സഹായിക്കുന്ന ഉയർന്ന അളവിലുള്ള ഭക്ഷണ നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാനും ക്ഷീണം അകറ്റാനും സഹായിക്കുന്നു. ലോകത്ത് 30 വ്യത്യസ്ത തരം ദുരിയാൻ ഉണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ ദുരിയാൻ കയറ്റുമതി ചെയ്യുന്ന രാജ്യം തായ്ലൻഡാണ്.
രൂക്ഷമായ ഗന്ധം
ദുരിയാന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ രൂക്ഷമായ ഗന്ധമാണ്. ചിലർക്കിത് അസഹ്യമായി തോന്നുമെങ്കിലും മറ്റുചിലർക്ക് ഇത് വളരെ പ്രിയപ്പെട്ടതാണ്. ഈ ഗന്ധം കാരണം പല വിദേശരാജ്യങ്ങളിലും പൊതുഗതാഗതത്തിൽ ദുരിയാൻ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്.
ദുരിയാൻ ചക്ക നമ്മുടെ നാട്ടിലും നന്നായി വളരും. വിദേശ രാജ്യങ്ങളിൽ ദുരിയാൻ പഴത്തിന് ഏറെ പ്രിയമുണ്ട്.. രൂക്ഷമായ ഗന്ധമുണ്ടെങ്കിലും ഇതിന്റെ ഗുണത്തെപ്പറ്റി നമ്മുടെ നാട്ടിലെ ആളുകൾക്ക് അറിവില്ല. ഇതാണ് ഇത് വിറ്റുപോകാത്തതിന് കാരണം.
അലക്സ്
വ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |