മല്ലപ്പള്ളി : കോമളം പാലം ഗതാഗതത്തിന് തുറന്നതോടുകൂടി ഗതാഗതക്കുരുക്കും അപകടവും പതിവായ കോമളത്തെ ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കമെന്ന ആവശ്യം ശക്തമായി. ഉതേ തുടർന്ന് നാല് മാസങ്ങൾക്ക് മുൻപ് ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തിയിട്ടും ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. തിരുവല്ല -ഇരവിപേരൂർ റോഡിൽ വെണ്ണിക്കുളം ഭാഗത്ത് നിന്നും എത്തുന്ന ബസുകൾ നിറുത്തുന്നത് കോമളം ജംഗ്ഷനിലെ വളവിലുള്ള ബസ് സ്റ്റോപ്പിലാണ്. ഇവിടെനിന്ന് 50 മീറ്ററെങ്കിലും മുൻപോട്ട് ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇവിടെ വേഗനിയന്ത്രണത്തിന് സംവിധാനം ഇല്ലാത്തതും വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും പുതിയ പാലത്തിന്റെ ഇരു വശങ്ങളിലെ അനധികൃത പാർക്കിംഗുമാണ് അപകടത്തിന് പ്രധാന കാരണമാകുന്നത്. ഇരവിപേരൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ദിശാ സൂചന ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ റാന്നി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിയേണ്ടതിന് പകരം കോമളം പാലം കയറി വഴി തെറ്റുന്നതും പതിവാണ്. അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകടത്തിന് കാരണം
കഴിഞ്ഞ നാലുമാസത്തിനിടയിൽ അഞ്ച് ഇരുചക്ര വാഹനയാത്രികർ ഇവിടെ അപകടത്തിൽപ്പെട്ടു. ഇരവിപേരൂർ ഭാഗത്തുനിന്നും വെണ്ണിക്കുളം ഭാഗത്ത് നിന്നും ഒരേസമയം ബസുകൾ ജംഗ്ഷനിൽ എത്തിയാൽ മറ്റു വാഹനങ്ങൾ കടന്നു പോകുവാൻ കഴിയാത്ത സ്ഥിതിയിലാണ്. ഇവിടെ യുടേൺ വളമായതിനാൽ എതിർ ദിശയിൽ നിന്നു വരുന്നു വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ സാധിക്കുക.കോമളം പാലം തുറന്നതോടെ മൂന്ന് ദിശകളിൽ നിന്നും ഒരേ സമയം വാഹനങ്ങൾ എത്തുന്നുയെന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
..........................................................................
ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തിയപ്പോൾ പെട്ടെന്ന് തന്നെ നടപടി ഉണ്ടാകും എന്നാണ് കരുതിയത്. മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം ഉണ്ടാകുന്നില്ല. അപകടങ്ങൾ വർദ്ധിക്കുന്നുണ്ട്. അടിയന്തരമായി പരിഹാരം കാണണം.
അജിത്ത്
(പ്രദേശവാസി)
........................................................................
നാലുമാസത്തിനിടെ 5 അപകടങ്ങൾ
..........................................................................
1. സ്ഥലത്ത് വേഗനിയന്ത്രണത്തിന് സംവിധാനം ഇല്ല
2. വേണ്ടത്ര അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല
3. പുതിയ പാലത്തിന്റെ ഇരു വശങ്ങളിലെ അനധികൃത പാർക്കിംഗ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |