
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കുപ്പിവെള്ളം കയറ്റിയ പിക്ക് അപ് വാനിന്റെ പിന്നിലിടിച്ചശേഷം ജൂസുകടയിലേക്ക് ഇടിച്ചു കയറി. അഞ്ചുപേർക്ക് പരിക്കേറ്റു. കടയിൽ ജൂസു കുടിച്ചുകൊണ്ടുനിന്ന പ്രക്കാനം തോട്ടുപുറം സ്വദേശി അജയ് ചന്ദ്രൻ, കടയുടമ സ്റ്റാലിൻ, പിക്ക് അപ് വാഹനത്തിന്റെ ഡ്രൈവർ അരവിന്ദ്, സഹായി ആസാം സ്വദേശി എക്കോൺ മിശ്ര, ബസിൽ യാത്ര ചെയ്തിരുന്ന യുവതി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജയ് ചന്ദ്രന്റെ ഇടുപ്പിന് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 2.10നാണ് അപകടം. പത്തനംതിട്ട - ഓമല്ലൂർ റോഡിൽ കുളം ജംഗ്ഷനിൽ സോൾ കപ്പ് എന്നപേരിലുള്ള ജൂസുകടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്. പിക്ക് ആപ് വാഹനത്തിലെത്തിയവർ കടയിൽ കുപ്പിവെള്ളം നൽകിയ ശേഷം മടങ്ങാൻ ശ്രമിക്കുമ്പോഴാണ് പിന്നിൽ ബസിടിച്ചത്. ഇടിയുടെ ശക്തിയിൽ പിക്ക് അപ് വാൻ മുന്നിലേക്ക് തെറിച്ചുമാറി. വെള്ളം നിറച്ച ജാറുകൾ റോഡിലേക്ക് തെറിച്ചു വീണു.
പിക്കപ് വാനിന്റെ ഡ്രൈവർ അരവിന്ദിന് സ്റ്റിയറിംഗിൽ ഇടിച്ച് നെഞ്ചിനും സഹായി എക്കോൺ മിശ്രയ്ക്ക് മുഖത്തും പരിക്കേറ്റു. എക്കോൺ മിശ്രയുടെ മൂക്കിൽ നിന്ന് രക്തം വന്നു. കടയിൽ ജൂസുകുടിച്ചുകൊണ്ടുനിന്ന അജയ് ചന്ദ്രനെ ബസ് എത്തുന്നത് കണ്ട് കടഉടമ സ്റ്റാലിൻ കൈയിൽ പിടിച്ചു വലിച്ച് കടയ്ക്കുള്ളിലേക്ക് മാറ്റിയതിനാൽ അത്യാഹിതം ഒഴിവായി. എങ്കിലും ഇടിപ്പെല്ലിനും ശരീരമാസകലവും പരിക്കേറ്റു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
അപകടം ഉച്ചയ്ക്ക് 2.10ന്
അപകട സമയത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ബസിന്റെ പിൻചക്രങ്ങൾ തേഞ്ഞു മിനുസമായ നിലയിലാണ്. മഴയും അമിതവേഗവും ഗ്രിപ്പില്ലാത്ത ടയറുമാണ് അപകട കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |