പത്തനംതിട്ട : തകർന്ന് തരിപ്പണമായ പ്രമാടം ഗ്രാമപഞ്ചായത്തിലെ മറൂർ തകിടിയത്തുമുക്ക് - മങ്ങാട്ടുപടി- പനിയ്ക്കക്കുഴിപ്പടി റോഡിലൂടെ യാത്ര ദുരിതമാകുന്നു. ടാറിംഗും മെറ്റിലും ഇളകി അപകടക്കെണിയായി മാറിയിരിക്കുന്ന റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് അപകട ഭീഷണിക്കൊപ്പം പകർച്ചവ്യാധി ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. പൂങ്കാവ് -പത്തനംതിട്ട റോഡിനെയും വട്ടക്കുളഞ്ഞി ഇരപ്പുകുഴി- മറൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബൈ റോഡാണിത്. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ ദിവസേന കടന്നുപോകുന്നുണ്ട്. കോന്നി ബ്ളോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് മൂന്ന് വർഷം മുമ്പാണ് റീ ടാർ ചെയ്തത്. നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം മാസങ്ങൾക്കുള്ളിൽ തന്നെ ടാറിംഗ് ഇളകിത്തുടങ്ങിയിരുന്നു. ഇത് വിവാദമായതോടെ റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തെങ്കിലും മിക്കയിടങ്ങിലും ടാറും മെറ്റിലും ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്. മഴ സമയങ്ങളിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കുന്നത് പതിവാണ്. പൂങ്കാവ്- പത്തനംതിട്ട റോഡിൽ ഗതാഗത തടസം ഉണ്ടായാലും അച്ചൻകോവിലാർ കരകവിഞ്ഞാലും പത്തനംതിട്ടയിലേക്കും കുമ്പഴയിലേക്കും ഉൾപ്പടെ പോകാൻ ഉപയോഗിക്കുന്ന ബൈ റോഡുകൂടിയാണിത്. യാത്രാ തടസം സൃഷ്ടിക്കുന്നതിനൊപ്പം അപകടക്കെണികൂടിയായി മാറിയ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. പ്രദേശത്തെ മറ്റ് റോഡുകളെല്ലാം ആധുനിക നിലവാരത്തിൽ ടാറിംഗ് നടത്തിയവയാണ്.
അധികൃതരുടെ അവഗണന
ജലനിധി പദ്ധതിയുടെ ഭാഗമായി പൈപ്പുലൈൻ സ്ഥാപിച്ചപ്പോൾ ഈ റോഡ് ഭാഗികമായി തകരുകയും ആഴ്ചകളോളം ഗതാഗതം മുടങ്ങുകയും ചെയ്തിരുന്നു. അന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് റോഡ് റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയത്. വീണ്ടും തകർന്ന് തരിപ്പണമായ റോഡ് ആധുനിക നിലവാരത്തിൽ ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
..............................................................................
അറ്റകുറ്റപ്പണി നടത്തിയത് 3 വർഷം മുൻപ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |