ജൂലായ് ഏഴ് ജില്ലയിൽ പകർച്ചവ്യാധി ബോധവത്ക്കരണ ദിനം
പത്തനംതിട്ട: സ്‌കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. രോഗാണു കുട്ടികളിലൂടെയാണ് വേഗം പടരുന്നത്. കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ 7ന് ജില്ലയിലെ സ്‌കൂളുകളിൽ പകർച്ചവ്യാധി ബോധവത്ക്കരണ ദിനം ആചരിക്കും. ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പകർച്ചവ്യാധി കൂടുതലായുള്ള കോന്നിയിലെ തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കും. വനാതിർത്തിയിലെ പ്രദേശങ്ങളിലും കൂടുതൽ ശ്രദ്ധ നൽകും. കിണറുകൾ ക്ലോറിനേഷൻ നടത്തും. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വിപുലമായ പരിശോധന നടത്തും. എല്ലാ ആഴ്ചയിലും ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എം.എൽ.എമാരായ പഴകുളം മധു, സി.വി.ശാന്തകുമാർ, കെ.യു.ജനീഷ് കുമാർ, അബിൻ വർക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |