SignIn
Kerala Kaumudi Online
Thursday, 16 July 2026 1.44 PM IST

ലൈവ് മോണിറ്ററിംഗ് സിസ്റ്റം വരുന്നു: വന്യമൃഗങ്ങളെ കാടുകയറ്റാം മലയോരത്തിന് സുരക്ഷ

s

പത്തനംതിട്ട: വന്യമൃഗശല്യം തടയാനായി മലയോര മേഖലകളിൽ ലൈവ് മോണിറ്രറിംഗ് സിസ്റ്റവുമായി വനംവകുപ്പ്. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആനയും പുലിയും കാട്ടാനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ളവ മനുഷ്യജീവന് പോലും ഭീഷണിയായ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ ഇടപെടൽ. വനാതിർത്തിയിൽ കിടങ്ങുകൾ നിർമ്മിച്ചും സോളാർവേലി സ്ഥാപിച്ചും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വേണ്ടത്ര ഫലപ്രദമായിരുന്നില്ല. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ വൻതോതിലാണ് കാർഷികവിളകൾ നശിപ്പിക്കുന്നത്. ആക്രമണങ്ങളിൽ ആളുകൾ മരിച്ച സംഭവങ്ങളുമുണ്ട്. വീടിന് പുറത്തേക്കിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്ന അവസ്ഥയാണ്. പരാതി വ്യാപകമായതോടെ വനംമന്ത്രി ഷിബു ബേബി ജോൺ മലയോരപ്രദേശങ്ങൾ സന്ദർശിച്ച് നേരത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വന്യജീവികളെ വനത്തിൽത്തന്നെ നിലനിറുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്. കിടങ്ങുകളും സോളാർവേലികളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുറമേയാണ് ലൈവ് മോണിറ്ററിംഗ് സിസ്റ്റം നടപ്പാക്കുന്നത്. വന്യജീവികളുടെ സഞ്ചാരപഥം തിരിച്ചറിഞ്ഞ് ആവശ്യമായ മുൻകരുതലെടുക്കാൻ ഇൗ സംവിധാനം സഹായിക്കും.വന്യജീവി സാന്നിദ്ധ്യം തിരിച്ചറിയാൻ അനിഡേഴ്സ് എന്ന ഉപകരണം നേരത്തെ വനാതിർത്തികളിൽ സ്ഥാപിച്ചിരുന്നു. ഇതും മൃഗങ്ങളുടെ സഞ്ചാരപഥം കണ്ടെത്താൻ വനംവകുപ്പിന് ഏറെ സഹായകരമായിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ കൃത്യതയുള്ള ലൈവ് മോണിറ്ററിംഗ് സിസ്റ്റം സ്ഥാപിക്കുന്നത്.

മൃഗസാന്നിദ്ധ്യം മുൻകൂട്ടി അറിയാം

1. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഉപകരണമാണ് ലൈവ് മോണിറ്രറിംഗ് സിസ്റ്റം . കാടിനുള്ളിൽ നിന്ന് നാട്ടിലേക്ക് വരുന്ന മൃഗങ്ങളെ കണ്ടെത്താനും അവയെ ശബ്ദങ്ങളും ഫ്ളാഷ് ലൈറ്റുകളും ഉപയോഗിച്ച് വനത്തിനുള്ളിലേക്ക് കയറ്റിവിടാനും കഴിയും

2. വന്യജീവികളുടെ സാന്നിദ്ധ്യം സ്ഥിരമായി ഉണ്ടാകുന്ന പ്രദേശങ്ങളിൽ ഡ്രോൺ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈവ് മോണിറ്ററിംഗ് സിസ്റ്റം സ്ഥാപിക്കുന്നത്.

3. ഇതുവഴി ആവശ്യമായ മുൻകരുതൽ മുൻകൂട്ടി തയ്യാറാക്കുവാനും മൃഗങ്ങൾ വനാതിർത്തി ലംഘിക്കാതെ തടയുന്നതിനും സാധിക്കും. ഒരു ഉപകരണത്തിന് മൂന്നുലക്ഷം രൂപ വിലവരും. നബാഡിന്റെ സഹായത്തോടെ ഉപകരണങ്ങൾ സ്ഥാപിക്കാനാണ് വനംവകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

നിരീക്ഷണത്തിന് സംഘങ്ങൾ

പദ്ധതി നടപ്പാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജന ജാഗ്രതാ സമിതി, പി.ആർ.ടി (പ്രൈമറി റെസ്‌പോൺസ് ടീം), ആദിവാസികൾ എന്നിവരെയും ഉൾപ്പെടുത്തി വിവിധ ടീമുകൾ രൂപീകരിച്ചു. മൃഗങ്ങൾ കാടിറങ്ങുന്ന വിവരം വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, എസ്.എം.എസ് എന്നിവ വഴി വനംവകുപ്പ് ഉദ്യോഗസ്ഥരേയും ജാഗ്രതാ സമിതി, ആർ.ആർ.ടി തുടങ്ങിയ വനംസംരക്ഷണ പ്രവർത്തകരെയും സന്ദേശത്തിലൂടെ അറിയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL