
പത്തനംതിട്ട: ഭാഗ്യദേവത മാടിവിളിച്ചിപ്പോൾ കെ.കെ.രാജൻ ഇതുവരെ വാങ്ങിയത് ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറികളാണ്. ഭാഗ്യം കനിഞ്ഞില്ലെങ്കിലും ലോട്ടറി ശേഖരണം ഹോബിയുമാക്കി ഇൗ ആറുപത്തിമൂന്നുകാരൻ.
ടൗൺ പ്ലാനിംഗ് ഓഫീസിലെ ഡ്രൈവറായിരുന്ന കുളനട കാഞ്ഞിരത്തും മൂട്ടിൽ കെ.ജെ.രാജന്റെ കൈവശം ഇല്ലാത്ത ലോട്ടറികളില്ല. ലോട്ടറിയുടെ ചരിത്രമറിയാൻ രാജന്റെ ശേഖരം പരിശോധിച്ചാൽമതി. ആദ്യകാല ലോട്ടറികൾ, ബംബർ ലോട്ടറികൾ, വിവാദമായ സ്‌പോർട്സ് ലോട്ടറികൾ, മൺസൂൺ ലോട്ടറി, ശബരി ലോട്ടറി, മെയ്‌ഡേ ലോട്ടറി,സൂപ്പർലോട്ടോ, പൊലീസ് ഉദ്യോഗസ്ഥരുടെ ഭവന നിർമ്മാണത്തിനായി പുറത്തിറക്കിയ ജയ്ഭാഗ്യമാല തുടങ്ങി കേരളവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും ഇറക്കിയിട്ടുള്ള ലോട്ടറി ടിക്കറ്റുകൾ അദ്ദേഹം സൂക്ഷിക്കുന്നു.
1968ൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഇൗ കമ്പം. . അക്കാലത്ത് മറ്റ് കുട്ടികൾ തീപ്പെട്ടി പടവും, ബസ് ടിക്കറ്റുകളും ശേഖരിച്ചപ്പോൾ ലോട്ടറി ശേഖരണത്തോടായിരുന്നു രാജന് താതപര്യം. . 1978 മുതൽ ലോട്ടറി സ്വന്തമായി വാങ്ങാൻതുടങ്ങി. സർക്കാർ ജോലി ലഭിക്കുംമുമ്പ് ചെറിയ ജോലികൾ ചെയ്തായിരുന്നു ലോട്ടറി വാങ്ങാൻ പണം കണ്ടെത്തിയത്. കേരളത്തിലിറങ്ങിയ എല്ലാ ബംബർ ടിക്കറ്റുകളും കൈവശമുണ്ട്. ഒരു രൂപ വിലയുണ്ടായിരുന്ന ഒരു ലക്ഷം ബംബർ മുതൽ 25 കോടിയുടെ ബംബർ വരെ . രാജന്റെ ലോട്ടറി കമ്പം കണ്ട് തങ്ങളുടെ കൈവശമുള്ള അപൂർവ ടിക്കറ്റുകൾ നൽകിയവരുമുണ്ട്.
സമ്മാനം നൽകുന്നതും ലോട്ടറി
ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറിയാണ് രാജന്റെ ശേഖരത്തിലുള്ളതെങ്കിലും 5000രൂപയിൽ കുടൂതൽ തുക രാജനെ കടാക്ഷിച്ചിട്ടില്ല സ്വന്തം കല്യാണത്തിനുപോലും ആൽബം തയ്യാറാക്കാത്ത രാജന് ലോട്ടറി ടിക്കറ്റുകൾ സൂക്ഷിക്കാൻ ആൽബമുണ്ട്. വിവിധ ചടങ്ങുകൾക്ക് പങ്കെടുക്കാൻ ക്ഷണിക്കുന്നവർക്ക് സമ്മാനമായി രാജൻ നൽകുന്നതും ലോട്ടറിയാണ്. ലോട്ടറിയുടെ തുടക്കകാലം മുതലുള്ള ചരിത്രം പുതുതലമുറയെ പരിചയപ്പെടുത്താൻ നിരവധി സ്ഥലങ്ങളിൽ എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച ശോഭാ രാജനാണ് ഭാര്യ. ബാഗ്ലൂരിൽ ദന്തഡോക്ടറായ കെ.ആർ.ഗൗരിയാണ് മകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |