തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള ദേവസ്വം ബോർഡ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി മന്ത്രി കെ. മുരളീധരന് നിവേദനം നൽകി. വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെട്ട മന്ത്രി, അടിയന്തര ഇടപെടൽ നടത്തുമെന്നും ആവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്നും ഉറപ്പ് നൽകിയതായി അനൂപ് ആന്റണി അറിയിച്ചു. ഇതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ ജയകുമാർ ശ്രീവല്ലഭ ക്ഷേത്രത്തിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കും. ക്ഷേത്രത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തുന്ന ആയിരക്കണക്കിന് ഭക്തരും നാട്ടുകാരും വർഷങ്ങളായി തകർന്ന ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. റോഡിന്റെ തകർച്ച കാരണം ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിലൊന്നായ ശ്രീവല്ലഭന്റെ ആറാട്ടും കരിമണ്ണിലൂടെ നടത്തേണ്ടി വരുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണ് നിലവിലുള്ളത്. റോഡ് പുനരുദ്ധാരണത്തിനായി ദേവസ്വം ബോർഡ് മുൻപ് തീരുമാനമെടുത്തിരുന്നെങ്കിലും, ടെൻഡർ നടപടികളിലെ സാങ്കേതിക തടസങ്ങളും എസ്റ്റിമേറ്റ് പുതുക്കാത്തതുമാണ് നിർമ്മാണം വൈകാൻ കാരണമെന്ന് അനൂപ് ആന്റണി ചൂണ്ടിക്കാട്ടി. നിലവിലെ എസ്റ്റിമേറ്റ് പുതുക്കി പുതിയ ടെണ്ടർ ക്ഷണിച്ചോ, മറ്റ് അടിയന്തര ഭരണനടപടികൾ സ്വീകരിച്ചോ കാലതാമസം ഒഴിവാക്കി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാൻ നിർദേശം നൽകണമെന്ന് മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ പൂർണമായും സഞ്ചാരയോഗ്യമാക്കുന്നതുവരെ തന്റെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലുകളും പൂർണ പരിശ്രമവും തുടരുമെന്നും അനൂപ് ആന്റണി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |