SignIn
Kerala Kaumudi Online
Monday, 06 July 2026 11.23 PM IST

വെൺമണിയിൽ വില്ലേജ് ഓഫീസറില്ല ! പ്രവർത്തനം അവതാളത്തിൽ

44
രണ്ടുമാസത്തിലേറെയായി സ്ഥിരം വില്ലേജ് ഓഫീസറില്ലാതെ പ്രവർത്തിക്കുന്ന വെൺമണി വില്ലേജ് ഓഫീസ്.

ചെങ്ങന്നൂർ: രണ്ടുമാസത്തിലേറെയായി സ്ഥിരം വില്ലേജ് ഓഫീസറില്ലാതെ പ്രവർത്തിക്കുന്ന വെൺമണി വില്ലേജ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലാണെന്ന് നാട്ടുകാരുടെ ആരോപണം. വിവിധ ആവശ്യങ്ങൾക്കായി ദിവസേന ഓഫീസിലെത്തുന്ന പൊതുജനങ്ങൾ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് പരാതിയുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട അപേക്ഷകൾ, പോക്കുവരവ് നടപടികൾ, കൈവശാവകാശ രേഖകൾ, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, താമസ സർട്ടിഫിക്കറ്റ്, മറ്റ് റവന്യൂ സേവനങ്ങൾ എന്നിവ ലഭിക്കുന്നതിൽ വലിയ കാലതാമസമാണ് അനുഭവപ്പെടുന്നത്. പലരും ദിവസങ്ങളോളം ഓഫീസിൽ കയറിയിറങ്ങേണ്ട സാഹചര്യമാണുള്ളത്. വൃദ്ധർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, സർക്കാർ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്നവർ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ൃസ്ഥിരം വില്ലേജ് ഓഫീസറെ എത്രയും വേഗം നിയമിച്ച് ഓഫീസ് പ്രവർത്തനം സാധാരണ നിലയിലാക്കണമെന്നും റവന്യൂ വകുപ്പും ജില്ലാ ഭരണകൂടവും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നുമുള്ള ആവശ്യം ശക്തമാണ്.

നിലവിൽ ചുമതല ആല വില്ലേജ് ഓഫീസർക്ക്

നിലവിൽ ആല വില്ലേജ് ഓഫീസർക്കാണ് വെൺമണി വില്ലേജ് ഓഫീസിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്. രണ്ട് ഓഫീസുകളുടെ ചുമതല ഒരുമിച്ച് നിർവഹിക്കേണ്ടതിനാൽ എല്ലാ ദിവസവും വെൺമണി ഓഫീസിൽ ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമാകുന്നില്ലെന്നും, ഇതുമൂലം ഫയലുകൾ കെട്ടിക്കിടക്കുകയും അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുകയും ചെയ്യുന്നതായും പരാതിയുണ്ട്. കർഷകർ, ഭൂമി വാങ്ങൽ - വിൽപ്പന നടത്തുന്നവർ, ബാങ്ക് വായ്പ, വിദ്യാഭ്യാസ ആവശ്യങ്ങൾ, സർക്കാർ പദ്ധതികൾ എന്നിവയ്ക്കായി രേഖകൾ ലഭിക്കേണ്ടവർക്ക് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിരവധി പേർ അവധിയെടുത്തും യാത്രാച്ചെലവ് വഹിച്ചും ഓഫീസിലെത്തിയ ശേഷം ഉദ്യോഗസ്ഥനെ കാണാതെ മടങ്ങേണ്ടി വരുന്നതായും നാട്ടുകാർ പറയുന്നു.

.......................

രണ്ടുമാസത്തിലേറെയായി സ്ഥിരം വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. ഒരു സർട്ടിഫിക്കറ്റിനോ ഭൂമി സംബന്ധമായ രേഖകൾക്കോ പലതവണ ഓഫീസിൽ വരേണ്ടിവരുന്നു. വൃദ്ധരും രോഗികളും ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടുകയാണ്. അധികൃതർ ഇടപ്പെട്ട് അടിയന്തരമായി സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണം.

ബിജു രാധാകൃഷ്ണൻ

(പ്രദേശവാസി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL