തിരുവല്ല : ശാരീരിക - മാനസിക വെല്ലുവിളികളെ കലയുടെ കരുത്തുകൊണ്ട് അതിജീവിക്കുകയാണ് തിരുവല്ല തോട്ടഭാഗം സ്വദേശിയായ അക്ഷയ്. ഡിജിറ്റൽ പെയിന്റിംഗിലും ഫോട്ടോഗ്രാഫിയിലും തന്റേതായ ഇടം കണ്ടെത്തിയ ഈ യുവാവ്, രാജ്യത്തിന്റെ പ്രധാനമന്ത്രി മുതൽ സംസ്ഥാന മുഖ്യമന്ത്രി വരെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾക്ക് സ്വന്തമായി ഡിജിറ്റൽ ചിത്രങ്ങൾ സമ്മാനിച്ചാണ് ശ്രദ്ധേയനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ അക്ഷയ് ചെയ്ത ഡിജിറ്റൽ പെയിന്റിംഗ് അദ്ദേഹത്തിന് കൈമാറാൻ സാധിച്ചത് അക്ഷയുടെ ജീവിതത്തിലെ വലിയൊരു നേട്ടമായി മാറി. അക്ഷയ് സദസിൽ നിന്ന് ഉയർത്തിക്കാട്ടിയ ചിത്രം ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി, അത് സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് വാങ്ങിച്ചു. പിന്നീട് ഡൽഹിയിൽ നിന്ന് അക്ഷയുടെ വിലാസത്തിലേക്ക് നേരിട്ട് അഭിനന്ദനക്കത്ത് അയക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഉൾപ്പെടെ തയാറാക്കിയ ചിത്രം നേരത്തെ സമ്മാനിച്ചിരുന്നു. കൂടാതെ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അക്ഷയ് തന്റെ ഡിജിറ്റൽ ചിത്രം സമ്മാനിക്കുകയും അദ്ദേഹത്തിൽ നിന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. തിരുവല്ല തോട്ടഭാഗം വടക്കേമുറിയിൽ പരേതനായ അജികുമാറിന്റെയും എൻ.പ്രമീളയുടെയും മകനായ അക്ഷയ് ബി.സി.എ ബിരുദധാരിയാണ്. ഫോട്ടോഗ്രാഫിയും ഡിസൈനിംഗുമാണ് ഇഷ്ടവിനോദം. മുത്തശി പത്മകുമാരിക്ക് ഒപ്പമാണ് കഴിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |