മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി വലിയ പാലത്തിന് സമീപമുള്ള കൊടും വളവിലെ വാഹനങ്ങളുടെ അമിതവേഗം അപകടക്കെണിയാകുന്നു. മല്ലപ്പള്ളി ടൗണിന് പുറത്ത് എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന ഭാഗങ്ങളിൽ ഒന്നാണ് ഇത്. കൊടും വളവിന്റെ വശത്താണ് മല്ലപ്പള്ളി വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഹോട്ടലുകളും, ആശുപത്രിയും ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്ക് എത്തുന്ന ആളുകൾ റോഡ് മുറിച്ച് കടക്കുന്നതും, വാഹനങ്ങൾ തിരിക്കുന്നതും ആശങ്കയോടെയാണ്. മല്ലപ്പള്ളി ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾക്ക് വളവിന് ശേഷമുള്ള ഭാഗം കാണാൻ കഴിയാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ചെറുതും വലുതുമായ പന്ത്രണ്ടോളം അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് കല്ലൂപ്പാറ സ്വദേശിയായ ഇരുചക്രവാഹന യത്രീകൻ ആനിക്കാട് സ്വദേശിയുടെ കാറിന് പിന്നിൽ ഇടിച്ച് അപകടം സംഭവിച്ചിരുന്നു. കാറ് തിരിക്കുകന്നതിനിടയിൽ റാന്നി ഭാഗത്തു നിന്നും എത്തിയ ബൈക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. വാഹനങ്ങളുടെ അമിതവേഗത കുറച്ചാൽ അപകടസാദ്ധ്യത വലിയ അളവിൽ കുറയ്ക്കാൻ സാധിക്കും. വളവിന് മുമ്പായി ആവശ്യമായ അകലത്തിൽ മുന്നറിയിപ്പ് ബോർഡുകൾ, റമ്പിൾ സ്ട്രിപ്പുകൾ, സ്പീഡ് ലിമിറ്റ് ബോർഡുകൾ തുടങ്ങിയവയും, വളവിനു ശേഷം കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ഇടത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചും റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
.....................................................
കുടുംവളവിൽ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. വളവിന് സമീപത്തെ മദ്യ വില്പനശാലയിൽ സെക്യൂരിറ്റി ജീവനക്കാരുടെ അഭാവവും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
ജോസഫ് പി.ജെ
(വാഹന യാത്രക്കാരൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |