പത്തനംതിട്ട: തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ ഇലന്തൂർ പാലച്ചുവട് ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. ഇന്നലെ രാത്രി 12ന് പാലച്ചുവട് ട്രാൻസ്‌ഫോർമറിന് സമീപം കാർ റോഡിൽ തെന്നിമാറി വൈദ്യുതി പോസ്റ്റിടിച്ചു തകർത്തശേഷം സമീപത്തെ വീടിന്റെ മതിലിലിടിച്ചാണ് നിന്നത്. നിസാര പരിക്കുകളോടെ ഡ്രൈവറും യാത്രക്കാരും രക്ഷപെട്ടു. ആറുമാസം മുൻപാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് പുനർനിർമ്മിച്ചത്. ഇതിനുശേഷമാണ് ഇലന്തൂരിനും പത്തനംതിട്ടയ്ക്കും ഇടയിൽ റോഡിൽ പാലച്ചുവട് ട്രാൻസ്‌ഫോർമറിന് സമീപം തുടർച്ചയായി വാഹനാപകടം ഉണ്ടാവുന്നത്. കഴിഞ്ഞ മേയ് ഏഴിന് മിനിട്ടുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടങ്ങളുണ്ടായി. ആദ്യത്തെ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്താനെത്തിയ പാലച്ചുവട് പുളിനിൽക്കുന്നതിൽ മാത്യു ടി.ശാമുവേൽ (റെജി-58) മരണപ്പെട്ടിരുന്നു. കോന്നി ബിലീവേഴ്സ് ആശുപത്രിയിൽ നിന്ന് ചെങ്ങന്നൂർ കെ.എം.ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിലേക്ക് മുറിഞ്ഞകൽ പാലവിളയിൽ സജിൻ രാജുവുമായി (42) പോയ കോന്നി ഇ.എം.എസ് ചാരിറ്റമ്പിൾ ട്രസ്റ്റിന്റെ ആംബുലൻസാണ് മാത്യു ടി.ശാമുവേലിനെ ഇടിച്ചുതെറിപ്പിച്ചത്. ആംബുലൻസ് വഴിയോരത്തെ താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്കാണ് മറിഞ്ഞത്. അപകടത്തിന് തൊട്ടുമുൻപാണ് കുഴിക്കാല സ്വദേശി ജെബിൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. മഴയത്ത് റോഡിൽ നിന്ന് തെന്നിമാറി കാർ തലകീഴായി മറിയുകയായിരുന്നു. വിവരമറിഞ്ഞ് മാത്യുസ്ഥലത്തെത്തിയപ്പോഴായിരുന്നു രണ്ടാമത്തെ അപകടം. ഇതിനുശേഷമാണ് പത്തനംതിട്ടയിൽ നിന്ന് തിരുവല്ലയ്ക്ക് പോയ മിനിലോറി റോഡിൽ തെന്നി കടകംമറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മാവേലിക്കര ശാസ്താംനട സ്വദേശി ശ്രീശാന്തിന് (20) പരിക്കേറ്റത്. വാഹനം നിയന്ത്രണം വിട്ട് ട്രാൻസ് ഫോർമറിന് സമീപമുള്ള പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
റോഡു നിർമ്മാണത്തിൽ പാകപ്പിഴവ്
ഇലന്തൂരിനും പത്തനംതിട്ടയ്ക്കുമിടയിൽ വാര്യാപുരത്തെ കൊടും വളവിലുൾപ്പെടെ റോഡിന്റെ പലഭാഗങ്ങളിലും വിള്ളൽ വീഴുകയും ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. റോഡു നിർമ്മാണത്തിലെ പാകപിഴവാണ് ഇതിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
....................................................
അടിയന്തിരമായി പൊതുമരാമത്ത് വകുപ്പ് സ്ഥലം സന്ദർശിച്ച് റോഡിന്റെ നിർമ്മാണത്തിലെ അശാസ്ത്രിയത പരിശോധിക്കണം. റോഡിൽ രൂപപ്പെട്ട ഗർത്തങ്ങളും വിള്ളലും, ചാറ്റൽ മഴയിൽ വാഹനങ്ങൾ തെന്നിമാറുന്നതും പരിശോധിക്കാൻ നടപടിയുണ്ടാവണം. നിർമ്മാണത്തിലെ അപാകത അന്വേഷിക്കണം.
വിൻസൻ തോമസ്
മുൻ വൈസ് പ്രസിഡന്റ്
ഇലന്തൂർ ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |