SignIn
Kerala Kaumudi Online
Friday, 07 August 2026 8.48 AM IST

കാക്കത്തുരുത്തിൽ തീരാദുരിതം മറുകരയെത്താൻ നീന്തണം

തിരുവല്ല: തിരുവല്ല നഗരസഭയിലെ ആമല്ലൂർ കാക്കത്തുരുത്ത് മേഖലയിൽ പ്രളയജലം കയറിയതോടെ നൂറുകണക്കിന് ആളുകൾ ദുരിതത്തിലായി. പ്രദേശത്തേക്കുള്ള ഏക സഞ്ചാരമാർഗമായ റോഡിൽ കഴുത്തറ്റം വെള്ളം കയറിയതിനാൽ പുറംലോകവുമായുള്ള ബന്ധം ഏറെക്കുറെ നിലച്ചിരിക്കുകയാണ്. ഏകദേശം 80 ഓളം കുടുംബങ്ങൾ അധിവസിക്കുന്ന ഈ മേഖലയിൽ അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ആളുകൾ കഴുത്തോളം വെള്ളത്തിലൂടെ നീന്തിയോ നടന്ന് മറുകരയിലെത്തേണ്ട സ്ഥിതിയാണ്. ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് അതേ വഴിയിലൂടെ തിരിച്ചെത്തുന്നതും വലിയ സാഹസമായി മാറിയിരിക്കുകയാണ്. വയോജനങ്ങൾ, കുട്ടികൾ, രോഗികൾ എന്നിവരെ ആശുപത്രിയിലെത്തിക്കുന്നതും അതീവ ദുഷ്കരമാണ്. ദിവസക്കൂലിക്ക് ജോലി ചെയ്ത് ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങൾക്ക് ജോലിക്ക് പോകാൻ കഴിയാത്തതിനാൽ ജീവിതം പ്രതിസന്ധിയിലായി. ഓട്ടോറിക്ഷയും ടാക്സിയും ഓടിച്ച് ഉപജീവനം നടത്തുന്നവർക്കും വെള്ളക്കെട്ട് കനത്ത തിരിച്ചടിയായി. വാഹനങ്ങൾ സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും സർവീസ് നടത്താൻ കഴിയാത്തതിനാൽ വരുമാനം പൂർണമായും നിലച്ചിരിക്കുകയാണ്. അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും ജനങ്ങളുടെ യാത്രാസൗകര്യത്തിനുമായി നഗരസഭ വാർഡ് കൗൺസിലറും തിരുവല്ല നഗരസഭ വൈസ് ചെയർമാനുമായ വർഗീസ് കെ.വി. മുള ഉപയോഗിച്ച് നിർമ്മിച്ച താത്കാലിക ബോട്ട് സജ്ജീകരിച്ചെങ്കിലും ശക്തമായ ഒഴുക്കിനെ തുടർന്ന് അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല. തുടർന്ന് മുളത്തോണികളിൽ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും മറുകരയിലെത്തിച്ചാണ് നാട്ടുകാർ നിലവിൽ ആശ്രയിക്കുന്നത്. വർഷങ്ങളായി കാക്കത്തുരുത്ത് റോഡിന്റെ ഉയരം കൂട്ടി ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

.................................................................

അടിയന്തര സാഹചര്യങ്ങളിൽ രോഗികളെയും കുട്ടികളെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുന്നതിനും പൊതുജനങ്ങളുടെ യാത്ര ഉറപ്പാക്കുന്നതിനുമായി ബോട്ട് സർവീസ് ഉൾപ്പെടെയുള്ള അടിയന്തര ഗതാഗത സംവിധാനം ഒരുക്കണം. റോഡ് ഉയർത്തി പ്രളയകാല യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണം.

(പ്രദേശവാസികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL