പത്തനംതിട്ട : വെള്ളപ്പൊക്ക ബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഗതാഗത വകുപ്പ്. അടൂർ ആർ.ടി.ഒ ഓഫീസിലെ രണ്ട് അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രി സി.പി.ജോണിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ 5ന് ഉച്ചയ്ക്ക് 11.50ന് ആണ് സംഭവം.
ആറൻമുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ജീപ്പിന് അടൂർ ബൈപ്പാസ് റോഡിൽ വച്ചാണ് ഉദ്യോഗസ്ഥർ പിഴ ഈടാക്കിയത്.
വിഷയത്തിൽ ഇടപ്പെട്ട അബിൻ വർക്കി എം.എൽ.എ പിഴത്തുക അടയ്ക്കാൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നെജോ മെഴുവിലേക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനുപിന്നാലെ എം.എൽ.എ ഗതാഗത മന്ത്രി സി.പി.ജോണുമായി ബന്ധപ്പെട്ട ശേഷമാണ് എം.വി.ഡി സ്‌ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായത്.
പിഴയ്ക്ക് കാരണം തീവ്രവെളിച്ചം
സസ്പെൻഷനിലായ എം.വി.ഡി ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ :- അടൂർ ബൈപ്പാസ് റോഡിൽ അധികമായി ഘടിപ്പിച്ചിരുന്ന ആറ് തീവ്രവെളിച്ചലൈറ്റുകളുള്ള വാഹനവുമായാണ് ദമ്പതികൾ ഉണ്ടായിരുന്നത്. ഇത്തരം ലൈറ്റുകൾ പ്രകാശിപ്പിക്കുന്നത് എതിരെ വരുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാക്കുമെന്ന വിവരം പറഞ്ഞ് മനസിലാക്കി. ശേഷം പരിവാഹൻ സൈറ്റിൽ പരിശോധിച്ചപ്പോൾ 2024 ൽ സമാനമായ പിഴ ഇവർക്കെതിരെ ചുമത്തിയതായി കണ്ടെത്തി. പൊല്യൂഷൻ രേഖയുടെയും കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനാൽ വീണ്ടും പൊല്യൂഷൻ പരിശോധനയ്ക്ക് വിധേയമാക്കി, പിഴത്തുക കുറച്ചുനൽകി. പിന്നീട് എം.എൽ.എയുടെ ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ പിഴ അപ്‌ലോഡ് ചെയ്തതിനാൽ തിരുത്താൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇന്നലെ സസ്പെൻഷൻ ഓർഡർ കിട്ടിയെങ്കിലും സംഭവത്തെ കുറിച്ച് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നെജോ മെഴുവേലി വാഹനത്തിന്റെ പിഴ ഒടുക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |