ചെങ്ങന്നൂർ: ആലാ പൂമലച്ചാൽ ഇക്കോ ടൂറിസം പദ്ധതി പരിപാലനമില്ലാതെ നാശത്തിന്റെ വക്കിൽ. നടത്തിപ്പിന് കരാർ നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം കാര്യക്ഷമമായി ആരംഭിച്ചിട്ടില്ല. പാർക്കിനുള്ളിലെ തടാകം പായൽ നിറഞ്ഞ നിലയിലാണ്. നടപ്പാതകളും ഇരിപ്പിടങ്ങളും കാടുകയറി. സന്ദർശകർക്കായി ഒരുക്കിയ പെഡൽ ബോട്ടുകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. 3.42 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി ചെങ്ങന്നൂരുകാർക്ക് സായാഹ്ന വിനോദത്തിനും കുട്ടികൾക്ക് ഉല്ലസിക്കാനുമുള്ള പ്രധാന കേന്ദ്രമാകുമെന്ന പ്രതീക്ഷയിലായിരുന്നു. ആലാ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിലായി 23 ഏക്കറോളം പ്രദേശത്താണ് പദ്ധതി ഒരുക്കിയത്. ചാലിന്റെ മൂന്ന് വശങ്ങളിലായി നടപ്പാത, സ്റ്റീൽ ബാരിക്കേഡ്, വിശ്രമ ഷെൽട്ടറുകൾ, ടിക്കറ്റ് കൗണ്ടർ, പാർക്കിംഗ് സൗകര്യം, മഴവിൽപ്പാലം, ടോയ്ലെറ്റ് , കഫറ്റീരിയ, മ്യൂസിക്കൽ ഫൗണ്ടൻ, 100 മീറ്റർ നീളമുള്ള ഫ്ലോട്ടിംഗ് ബ്രിഡ്ജ് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇവയിൽ പലതും ഇപ്പോഴും പൂർത്തിയായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉദ്ഘാടനം നടത്തിയെങ്കിലും പദ്ധതി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ വൈകുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് പിന്നീട് പാർക്ക് തുറന്നെങ്കിലും നടത്തിപ്പ് കരാർ, ടിക്കറ്റ് നിരക്ക് തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് വൈകലിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. തുടർന്ന് കോഴിക്കോട് സ്വദേശിക്ക് നടത്തിപ്പ് കരാർ നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല.
പരിപാലനമില്ലാതെ നശിക്കുന്നു
രാവിലെയും വൈകുന്നേരങ്ങളിലും എത്തുന്നവർ ഭയത്തോടെയാണ് ഇവിടെ സമയം ചെലവഴിക്കുന്നത്.മുൻ എം.എൽ.എ അന്തരിച്ച കെ.കെ. രാമചന്ദ്രൻ നായരുടെ പേരിലാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. 3.42കോടി രൂപ ചെലവഴിച്ച് ഒരുക്കിയ പൂമലച്ചാൽ ഇക്കോ ടൂറിസം പദ്ധതി പരിപാലനമില്ലാതെ നശിക്കുന്ന സ്ഥിതിയാണ്. ഓണത്തിന് മുമ്പ് എല്ലാ ക്രമീകരണങ്ങളും പൂർത്തീയാക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.
...........................................................................
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് പരിപാലന ചുമതല. നികുതി ബാദ്ധ്യതകൾക്കു ശേഷമുള്ള ലാഭത്തിന്റെ 50 ശതമാനം വീതം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും ആലാ ഗ്രാമ പഞ്ചായത്തിനും ലഭിക്കുമെന്നായിരുന്നു ധാരണ. എന്നാൽ പാർക്ക് നടത്തിപ്പ് സംബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ല.
(ആലാ ഗ്രാമ
പഞ്ചായത്ത് അധികൃതർ )
............................................................
കോടികൾ മുടക്കിയ പദ്ധതി നശിക്കുന്നതിന് മുമ്പ് അടിയന്തരമായി അറ്റകുറ്റപ്പണികളും പരിപാലനവും നടത്തി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പ്രവർത്തിപ്പിക്കണം.
ബൈജു
(പ്രദേശവാസി)
.............................................................
പദ്ധതിക്ക് ചെലവഴിച്ചത് 3.42 കോടി
23 ഏക്കറിൽ പദ്ധതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |