SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.01 AM IST

പൈപ്പുപൊട്ടൽ പലതവണ,​ മല്ലപ്പുഴശേരിയിൽ കുടിവെള്ളം കിട്ടാനെയില്ല !

mlpzy
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തി ലെ എട്ടാം വാർഡ് കാരം വേലിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

പത്തനംതിട്ട: ജലം അമൂല്യമാണ്, ഓരോ തുള്ളിയും കരുതണം എന്ന സന്ദേശമാണ് മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ജൽ ജീവൻ പദ്ധതിയുടെ പമ്പ് ഹൗസിന് മുൻപിൽ എഴുതിവച്ചിട്ടുള്ളത്. എന്നാൽ ഗ്രാമപഞ്ചായത്തിൽ മിക്ക സ്ഥലങ്ങളിലും കുടിവെള്ള വിതരണത്തിനായി ഇട്ടിരിക്കുന്ന പൈപ്പുകൾ നിരന്തരം പൊട്ടി ജലം പാഴാകുമ്പോഴും അധികൃതർക്ക് അനക്കമില്ല. ഒരു കിലോമീറ്റർ കുടിവള്ള പൈപ്പ് കടന്നു പോകുന്നിടത്ത് 15 ഇടങ്ങളിലാണ് പൈപ്പ് പൊട്ടിയത്. ഇതോടെ ഗ്രാമപഞ്ചായത്തിലെ 14 വാർഡിലും കാരംവേലി, ഇടപ്പാറ എന്നീ പ്രദേശങ്ങളിലും കുടിവെള്ള പ്രതിസന്ധി രൂക്ഷമായി. മൂന്നു വർഷം മുൻപ് തമിഴ്നാട്ടിൽ ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തി ഉപേക്ഷിച്ച ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് ഇവിടെ എത്തിച്ച് കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ പൈപ്പുപൊട്ടൽ.

നദികളിലെ ജലനിരപ്പ് കുറഞ്ഞു

ചൂട് കൂടിയതോടെ ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസുകളായ പമ്പ, അച്ചൻ കോവിൽ, മണില തുടങ്ങിയ നദികളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ഇതോടെ കിണറുകളിൾ ഉൾപ്പെടെയുള്ള ശുദ്ധജല സ്രോതസുകളിലും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞു. 90 ശതമാനം കുടുംബങ്ങളും കുടിവെള്ളത്തെ ആശ്രയിക്കുന്ന ഗ്രാമപഞ്ചായത്തിൽ നിലവിൽ എട്ടു ദിവസം കൂടുമ്പോഴാണ് ഓരോ വാർഡിലേക്കും പൈപ്പിലൂടെ കുടിവെള്ളം എത്തുന്നത്. പൈപ്പു പൊട്ടലുണ്ടായാൽ അത് വീണ്ടും നീളും. ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ രണ്ടാഴ്ചയിലൊരിക്കൽപ്പോലും പൈപ്പുവെള്ളം എത്തുന്നില്ല. ഇതോടെ കുടിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമായി ജനം കുടിവെള്ളം കാശുകൊടുത്താണ് മേടിക്കുന്നത്. 2000 ലിറ്റർ ശുദ്ധജലത്തിന് 750 മുതൽ 1000രൂപ വരെയാണ് വിലനൽകേണ്ടത്.

.....................................................................

കഴിഞ്ഞ ഏതാനും മാസങ്ങളായി കുടിവെള്ളം കിട്ടുന്നില്ലെങ്കിലും വാട്ടർ അതോറിറ്റിയുടെ ബില്ലിന് ഒട്ടും കുറവില്ല. ജൽ ജീവൻ മിഷന്റെ കുടിവെള്ള വിതരണത്തെ മാത്രം ആശ്രയിക്കുന്ന തങ്ങൾക്ക് കുടിവെള്ള വിതരണം മുടങ്ങുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുന്നുണ്ട്.

പൊന്നമ്മ
(പ്രദേശവാസി)​

............................................................
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജൽ ജീവൻ പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകൾ ഓമത്തണ്ടിന്റെ ബലം പോലും ഉള്ളവയല്ല. പൈപ്പുകൾക്ക് ഗുനിലാവാരമില്ലാത്തതാണ് നിരന്തരം ഇവ പൊട്ടാൻ കാരണം. അടിയന്തരമായി പൈപ്പുകൾ മാറ്റി സ്ഥാപിച്ച് പ്രദേശത്ത് കുടിവെള്ള വിതരണം പുന: സ്ഥാപിക്കണം.

ഷിബു കാഞ്ഞിക്കൽ
(ആരോഗ്യ വിദ്യാഭ്യാസ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
മല്ലപ്പുഴശേരി)​

............................................

15 ഇടങ്ങളിൽ പൈപ്പുപൊട്ടൽ

................................................................

പൈപ്പു വെള്ളത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾ: 90%

ആകെ വാർഡ്: 14

2000 ലിറ്റർ കുടിവെള്ളത്തിന്റെ വില: 750 മുതൽ 1000 വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL