SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.01 AM IST

പക്ഷിസാന്നിദ്ധ്യത്തിൽ ശ്രദ്ധേയമായി കോന്നി വനമേഖല മല മുഴക്കും വേഴാമ്പലുകളും, തീക്കുരുവികളും

birds-
കോഴി വേഴാമ്പൽ

കോന്നി: വിവിധയിനം പക്ഷികളുടെ സാന്നിദ്ധ്യത്തിൽ ശ്രദ്ധേയമാകുകയാണ് കോന്നി വനം ഡിവിഷനിലെ വനമേഖലകൾ. ജൈവ വൈവിദ്ധ്യ സമ്പത്തുകളാൽ അനുഗ്രഹീതമായ ഈ വനമേഖലയിൽ വനപക്ഷികൾക്ക് അനുകൂലമായ കാലാവസ്ഥയെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. അപൂർവമായി കാണുന്ന വനപക്ഷികൾ അടക്കമുള്ളവയ്ക്ക് ഈ വനമേഖലയിൽ വാസഗൃഹങ്ങൾ ഉള്ളതായി പക്ഷിനിരീക്ഷകരും പറയുന്നു. കോന്നി വനം ഡിവിഷനിലെ 139.5 സ്ക്വയർ കിലോമീറ്റർ വിസ്തൃതി വരുന്ന നടുവത്തുമൂഴി റേഞ്ചിലെ നരകൻ അരുവി, പറയൻതോട്, രണ്ടാറ്റുംമുക്ക് മേഖലകളിലുമാണ് പക്ഷി സാന്നിദ്ധ്യം ഏറെയുള്ളത്. സംസ്ഥാനത്തെ മറ്റ് കാടുകളിൽ കാണുന്ന ഒട്ടുമിക്ക വനപക്ഷികളും ഇവിടെ കാണാം. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മരപ്രാവ്, നീലതത്ത, ചെറുതേൻകിളി, ചൂളക്കാക്ക, കാട്ടൂഞ്ഞാലി, തീക്കാക്ക, ചെഞ്ചിലപ്പൻ എന്നിവയുടെ സാന്നിദ്ധ്യം ഇവിടെയുണ്ട്. സംസ്ഥാനപക്ഷിയായ മലമുഴക്കി വേഴാമ്പലിനെ ധാരാളമായി കാണുന്നുണ്ട്. കോഴിവേഴാമ്പലുകളും ധാരാളം. കാടുമുഴക്കി, മഞ്ഞചിന്നൻ, പുള്ളിച്ചിലപ്പൻ, കാനച്ചിലപ്പൻ എന്നിവയ്ക്കൊപ്പം ശരീരത്തിൽ തീ പടർത്തിയതുപോലെ ചുവന്ന വർണമണിഞ്ഞ ആൺപക്ഷികളുമായി കാണുന്ന തീക്കുരുവികൾ, മരത്തിൽ കുത്തനെ കയറാനും, ഇറങ്ങാനും കഴിയുന്ന ഗൗളിക്കിളികൾ തുടങ്ങിയവയെ ധാരാളമുണ്ട്. നിത്യഹരിത വനമേഖലയിൽ അപൂർവ ദർശനം നൽകുന്ന കാട്ടുപനങ്കാക്കയും, കാട്ടുവേലിത്തത്തയും ഇവിടെയുണ്ട്. ചെറുതേൻകിളിക്കൊപ്പം കൊക്കൻ തേൻകിളിയും കറുപ്പൻ തേൻകിളിയും തേൻകിളിമാടനും തലങ്ങും വിലങ്ങും തേൻകുടിച്ച് നടക്കുന്നത് കാണാൻ കഴിയും. ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവിയും, കരിങ്കൊക്കൻ ഇത്തിക്കണ്ണക്കുരുവിയും ഇവിടെയുണ്ട്. വളരെ അപൂർവമായി നീലച്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവികളുടെ സാന്നിദ്ധ്യവും ഉണ്ട്.

ദേശാടനക്കിളികളും ഏറെ ...

സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ ദേശാടനക്കിളികളും വന്ന് തുടങ്ങും. തവിട്ടു പാറ്റാപിടിയിൻ, മുത്തുപ്പിള്ള, ചൂളൻ ഇലക്കുരുവി, ഇളംപച്ച പൊടിക്കുരുവി, കാവി തുടങ്ങിയ ദേശാടന പക്ഷികളാണ് എത്തുന്നത്. കൂടുതൽ ഉയരമുള്ള പ്രദേശങ്ങളിൽ വടക്കൻ ചിലുചിലപ്പൻ, പതുങ്ങൻ ചിലപ്പൻ, നീലക്കിളി, പാറ്റപിടിയൻ എന്നിവയേയും കാണുന്നു. ഒട്ടേറെ അപൂർവങ്ങളായ പക്ഷികളുടെ സാന്നിദ്ധ്യം വനമേഖലകളിൽ ഇനിയും കണ്ടെത്താനുണ്ട്.

......................................................................

ജില്ലയിലെ വനമേഖലയിലെ പക്ഷി നിരീക്ഷണങ്ങൾക്കു കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യം ദീർഘനാളായി പക്ഷി നിരീക്ഷക സംഘടനകൾ ഉന്നയിക്കുന്നുണ്ട്. കോന്നി വനം ഡിവിഷനിലെ വന മേഖലകൾ പക്ഷി സമ്പത്തുകൊണ്ട് സമ്പന്നമാണ്.

ചിറ്റാർ ആനന്ദൻ

(പരിസ്ഥിതി പ്രവർത്തകർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL