പെരുനാട് : വാഹന പരിശോധനയ്ക്കിടെ പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ മിഥുൻ അശോകിനെ ആക്രമിക്കുകയും മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത യുവാവിനെ അറസ്റ്റുചെയ്തു. ചിറ്റാർ കട്ടച്ചിറ നീലിപിലാവ് മോഹനവിലാസം വീട്ടിൽ നിതിൻ രാജ് (27) ആക്രമണം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 6നാണ് കേസിന് ആസ്പദമായ സംഭവം. എസ്.ഐയും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെ ഇതുവഴി നിതിൻരാജ് സ്‌കൂട്ടറിലെത്തി. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് മനസിലാക്കിയ പൊലീസ് സംഘം വാഹനം പരിശോധിച്ചു. ഇതിൽ പ്രകോപിതനായ പ്രതി എസ്.ഐയുടെ മൂക്കിന് ഇടിക്കുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു. പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കേസെടുത്ത പെരുനാട് പൊലീസ് സി.ഐ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മിഥുൻ അശോക്, സണ്ണി, എ.എസ്.ഐ അഭിലാഷ്, സീനിയർ സിവിൽ പൊലീസ് ആഫീസർമാരായ ലാൽ, സുമേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, അരവിന്ദാക്ഷൻ, നിധീഷ്, അക്ഷയ്, സേതു കൃഷ്ണൻ എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലുകൾക്കുശേഷം റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |