
ഏനാദിമംഗലം : "അഞ്ചുമലപ്പാറയിൽ കയറിയാൽ അങ്ങകലെ കടൽ തിരമാലകൾ കാണാം ' കുന്നിടയിലെ പഴമക്കാരുടെ വാമൊഴികളിലൂടെ പകർന്ന വാചകമാണിത്. ആകാശ കാഴ്ചയൊരുക്കി പ്രകൃതിയുടെ വിസ്മയമായി ഏനാദിമംഗലം പഞ്ചായത്തിൽ 14 ഏക്കർ വിസ്തൃതിയിൽ പടർന്നുകിടക്കുന്ന അഞ്ചുമലപ്പാറ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ്. താഴ്‌വരയിലെ പച്ചപ്പും അകലെ ദൃശ്യമാകുന്ന ചിതറിക്കിടക്കുന്ന വീടുകളും ആകാശത്ത് ഒഴുകി നടക്കുന്നുവെന്ന് തോന്നിക്കുന്ന മേഘങ്ങളും ശാന്തമായ അന്തരീക്ഷവും സഞ്ചാരികളുടെ ഹൃദയം കീഴടക്കും. പ്രഭാതത്തിലെ മഞ്ഞുവീഴ്ചയും വൈകുന്നേരങ്ങളിലെ അതിമനോഹരമായ അസ്തമയക്കാഴ്ചകളും കുത്തനെ കിടക്കുന്ന പാറയിലേക്ക് കയറാനുള്ള സാഹസികതയും ചുറ്റുമുള്ള ഹരിതഭംഗിയും സഞ്ചരികളെ ആകർഷിക്കുന്നു.
അഞ്ചുമലപ്പാറ, കൊടക്കണ്ണാമല, മുട്ടിയാക്കോട്ട്, പുലിമല, അക്കമല എന്നിങ്ങനെ അഞ്ചു മലകളാണ് ഇവിടെ യുള്ളത്. പാറപ്പുറത്ത് നിന്ന് നോക്കിയാൽ കൊല്ലം ജില്ലയിലെ സമീപപട്ടണങ്ങളുടെ ആകാശക്കാഴ്ചകൾ കാണാം. ഇവിടെയുള്ള പാറയുടെ മുകളിലുള്ള ചെറിയകുളം എത്രകടുത്തവേനലിലും വറ്റാറില്ല.
ആയിരംതൂണിമല
അഞ്ചുമലപ്പാറയെ ആയിരംതൂണിമല എന്നും വിശേഷിപ്പിക്കാറുണ്ട്. പണ്ട് ഇവിടെയുള്ള താന്നിക്കൽ തറവാട്ടുകാരുടെ സ്വത്തായിരുന്നു മലയും പരിസരവും. മലയിലെ ചെറുവനങ്ങൾ വെട്ടിത്തെളിച്ച് വിത്തുവിതച്ച് കരനെൽക്കൃഷി തുടങ്ങി. വിത്തുപാകമായപ്പോൾ എല്ലാം ഉപയോഗ്യശൂന്യമായതോടെ കർഷകർ അവ അഞ്ചുമലയിലെ പാറയുടെ മുകളിൽ ഉപേക്ഷിച്ചു. മൂന്നുനാൾക്കു ശേഷം കന്നുകാലികൾക്ക് തീറ്റ തേടിയെത്തിയ പ്രദേശവാസികൾ കണ്ടത് മലയിൽ നെല്ല് വളർന്നുനിൽക്കുന്നതാണ്. ഈ നെല്ല് വിളവെടുത്തപ്പോൾ ആയിരം തുണിപാറ വരെ അളന്നിട്ടും പിന്നെയും നെല്ല് അധികമായിരുന്നു. പിന്നീട് അളക്കാതെ നെല്ല് കൊണ്ടുപോയെന്നും അങ്ങനെ ആയിരംതൂണിമല എന്ന് അഞ്ചുമലപ്പാറ അറിയപ്പെട്ടതെന്നുമാണ് പഴമക്കാർ പറയുന്നത്.
സാദ്ധ്യതകളേറെ
വർഷങ്ങൾക്ക് മുൻപ് സംസ്ഥാന ടൂറിസം വകുപ്പ് അധികൃതർ എത്തി പാറയുടെ സാദ്ധ്യതകൾ പരി ശോധിച്ചിരുന്നു. ട്രക്കിംഗ്, റോഷ്‌കാർ, വ്യൂ പോയിന്റ്, വിനോദ സഞ്ചാര പദ്ധതികൾ എന്നിങ്ങനെ വിപുലമായ സാദ്ധ്യതയാണ് ഇവിടെയുള്ളത്.
ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂരിൽ നിന്ന് കുന്നിടയിലെത്തി ഇവിടേക്ക് എത്തിച്ചേരാം. അഞ്ചുമലപ്പാറയുടെ അടിവാരത്ത് വരെ വാഹനമെത്തും. പിന്നീട് കുത്തനെയുള്ള പാറകളും കല്ലിടുക്കുകളും കയറിയാണ് മുകളിലെത്തേണ്ടത്.
അഞ്ചു മലകൾ
1.അഞ്ചുമലപ്പാറ, 2.കൊടക്കണ്ണാമല, 3.മുട്ടിയാക്കോട്ട്, 4.പുലിമല, 5.അക്കമല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |