പ്രമാടം : അക്രമകാരികളായ തെരുവുനായ്കളെയും കാട്ടുപന്നി ഉൾപ്പടെയുള്ള വന്യജീവികളെയും പ്രതിരോധിക്കാൻ പ്രമാടം ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ച ജാഗ്രതാ സമിതികൾ പ്രഹസനമെന്ന് പരാതി. രാപ്പകൽ വ്യത്യാസമില്ലാതെയാണ് പ്രദേശത്ത് തെരുവുനായ്കളും കാട്ടുപന്നികളും ആക്രമണം നടത്തുന്നത്. ഇതിന് പുറമെ പകൽ സമയങ്ങളിൽ വേഴാമ്പലുകളുടെയും മയിലുകളുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ ഉത്തരവുണ്ടെങ്കിലും പ്രമാടത്ത് നടപ്പാക്കുന്നില്ല. നിയമത്തിലെ നൂലാമാലകളും ഷൂട്ടർമാരുടെ കുറവുമാണ് പ്രതിസന്ധിക്ക് കാരണമായി അധികൃതർ പറയുന്നത്. ഇതേ തുടർന്നാണ് പൊതുജന പങ്കാളിത്തോടെ ജാഗ്രതാ സമിതികൾ രൂപീകരിച്ച് ഇത്തരം ജീവികളെ തുരത്താൻ തീരുമാനിച്ചത്.
തെരുവുനായ ശല്യം: സഹിച്ച് നാട്ടുകാർ
അടുത്തിടെയായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. ഇവയെ പിടികൂടി പാർപ്പിക്കാനുള്ള ഷെൽട്ടറുകളും വന്ധീകരണ സംവിധാനവും ഇവിടെയില്ല. കുളപ്പാറയിലാണ് കുരങ്ങൻമാർ താവളം ഉറപ്പിച്ചിരിക്കുന്നത്. കുരങ്ങുകൾ തേങ്ങ, അടയ്ക്കാ തുടങ്ങിയ നാണ്യവിളകൾ നശിപ്പിക്കുമ്പോൾ വേഴാമ്പലുകളും വാഴക്കുല, ഫലവർഗങ്ങൾ ഉൾപ്പടെയുള്ളവയാണ് നശിപ്പിക്കുന്നത്. പെറ്റുപെരുകുന്ന കാട്ടുപന്നികൾ അനുദിനം നാട്ടിൽ വർദ്ധിച്ചുവരികയാണ്. വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ പരമ്പരാഗത കാർഷിക ഗ്രാമമായ പ്രമാടത്ത് ഇപ്പോൾ ഭൂരിഭാഗം കർഷകരും കൃഷി ഉപേക്ഷിച്ച നിലയിലാണ്.
പഞ്ചായത്ത് കണ്ണടച്ചു
..........................
1. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും കർഷകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തിലാണ് സമിതികൾ രൂപീകരിച്ചിരുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും ജാഗ്രതാ സമിതികൾ സജ്ജീവമായിരുന്നെങ്കിലും
ഇപ്പോൾ ഇളകൊള്ളൂരിൽ മാത്രമാണ് പേരിനെങ്കിലും പ്രവർത്തനമുള്ളത്.
2.കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സമിതി സജീവമായിരുന്നു. പാടശേഖരങ്ങളിലും കരകൃഷിയിടങ്ങളിലും രാത്രികാല നിരീക്ഷണങ്ങളും ഉണ്ടായിരുന്നു. ഓരോ സംഘങ്ങളെയും ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രവർത്തനം. ജാഗ്രതാ സമിതിയിലുള്ളവർ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ഇവയെ തുരത്തിയിരുന്നു.
.....................................................
മനുഷ്യർക്കും വളർത്തുജീവികൾക്കും കൃഷിക്കും ഭീഷണിയായി മാറിയിരിക്കുന്ന ഇവറ്റകളെ ഉൻമൂലനം ചെയ്യാൻ പഞ്ചായത്തും വനം വകുപ്പും അടിയന്തര നടപടി സ്വീകരിക്കണം.
(പ്രദേശവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |