മല്ലപ്പള്ളി: വാഹനത്തിന് ഇന്ധം വാങ്ങാൻ കുപ്പി ചോദിച്ച് വീട്ടിലെത്തി വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ കീഴ് വായ്പൂർ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പെരുമ്പെട്ടി കുളത്തൂർ അതിരപ്ലാക്കൽ വീട്ടിൽ ജൂൻസ് (43) ആണ് പിടിയിലായത്. കീഴ് വായ്പൂർ സ്റ്റോർ മുക്ക് വെള്ളിയാമ്പള്ളിൽ വീട്ടിൽ ഏലിയാമ്മ (70) യുടെ മാലയാണ് അപഹരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2നാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഏലിയാമ്മയോട് സ്‌കൂട്ടറിന്റെ പെട്രോൾ തീർന്നുവെന്നും ഒരു കുപ്പി തരാമോ എന്നും ചോദിച്ചാണ് ജൂൻസ് സമീപിച്ചത്. കുപ്പിയെടുത്ത് നൽകിയശേഷം വീട്ടിലേക്ക് കയറാൻ ഒരുങ്ങിയ ഏലിയാമ്മയുടെ മുഖത്തേക്ക് പൊടി എറിഞ്ഞ ശേഷം കഴുത്തിൽ കടന്ന രണ്ടു പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ കീഴ് വായ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറിന്റെ സീറ്റിനിടയിൽ ഒളിപ്പിച്ചിരുന്ന സ്വർണമാല പൊലീസ് കണ്ടെടുത്തു. കീഴ് വായ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ്.ടി, സി.പി.ഒ മാരായ സന്തോഷ് , വിഷ്ണു, അരുൺ, അഖിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |