SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

ബൈക്കിലെത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന യുവാവ് പിടിയിൽ

binu-thomas
ബിനു തോമസ്

പിടികൂടുന്നതിനിടെ പ്രതി വിഷം കഴിച്ച് ആത്മഹത്യാ ശ്രമം നടത്തി

പത്തനംതിട്ട : പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന വൃദ്ധയുടെ സ്വർണ്ണമാല ബൈക്കിലെത്തി പൊട്ടിച്ച് കടന്ന യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റു ചെയ്തു. റാന്നി പഴവങ്ങാടി കള്ളിക്കാട്ടിൽ വീട്ടിൽ ബിനു തോമസ് (35) ആണ് പിടിയിലായത്. കഴിഞ്ഞ 20ന് രാവിലെ പള്ളിയിൽ പോയി മടങ്ങി വരികയായിരുന്ന കുമ്പഴ സ്വദേശിനി കുഞ്ഞമ്മ എബ്രഹാ (81) മിന്റെ മാലയാണ് അപഹരിച്ചത്. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുകയാണ് ഇയാളുടെ രീതി. മാവേലിക്കരയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് കുമ്പഴയിൽ കവർച്ച നടത്തിയത്. ബിനുവിനെ പ്രത്യേക അന്വേഷണസംഘം റാന്നിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് പിടികൂടുന്ന സമയത്ത് ഇയാൾ അക്രമാസക്തനാവുകയും വിഷം കഴിച്ചിട്ടുണ്ട് എന്ന് പറയുകയും ചെയ്തു. ഇതേതുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ നൽകിയ ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 17ൽപരം മോഷണ കേസുകളിൽ പ്രതിയാണ് ബിനു തോമസ്. നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ആറന്മുളയിൽ വച്ച് പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ച കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയാണ് ഇപ്പോൾ കുമ്പഴയിലും സമാന കുറ്റകൃത്യം ആവർത്തിച്ചത്.
പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ എ.അരുണിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് എബ്രഹാം, എസ്.ഐ അജി.കെ.ബി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്ദീപ്, സുബിൻ, ഷിബു, വിജേഷ്, അരുൺ, സി.പി.ഒമാരായ അനീഷ്, മിഥുൻ, ജിത്ത്, നിസാം എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പിടികൂടിയത്. ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL