SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

അബൂബക്കർ സിദ്ധിഖിനെ കൊലപ്പെടുത്താനുപയോഗിച്ച കാർ ക്രൈംബ്രാഞ്ച് കണ്ടെടുത്തു

കാസർകോട്: സീതാംഗോളി മുഗുവിലെ അബൂബക്കർ സിദ്ധിഖിനെ(32) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട കാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഡിവൈ.എസ്.പി പി. മധുസൂദനൻ, എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒ ലതീഷ് എന്നിവരാണ് പൈവളിഗെയിൽ ഉപേക്ഷിച്ച നിലയിലായിരുന്ന കാർ കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാംപ്രതിയുടെ ഉടമസ്ഥതയിലുള്ള ഈ കാറിലാണ് അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയത്.

2022 ജൂൺ 26നാണ് അബൂബക്കർ സിദ്ധിഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ വിജനമായ സ്ഥലത്തുള്ള മരത്തിൽ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചത്. അതേ ദിവസം വൈകിട്ട് അബൂബക്കർ സിദ്ധിഖിനെ കാറിൽ കയറ്റിക്കൊണ്ടുവന്ന് ബന്തിയോട്ടെ ആശുപത്രി വരാന്തയിൽ ഉപേക്ഷിച്ച ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലയ്ക്ക് കാരണമായത്. ഗൾഫിലായിരുന്ന അബൂബക്കർ സിദ്ധിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. മഞ്ചേശ്വരം പൊലീസാണ് ആദ്യം ഈ കേസ് അന്വേഷിച്ചിരുന്നത്. ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബൂബക്കർ സിദ്ധിഖ് വധവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയടക്കം അന്വേഷിക്കണമെന്ന് ആവശ്യമുയർന്നതോടെ കൊലപാതകം നടന്ന് രണ്ട് വർഷത്തിന് ശേഷം കഴിഞ്ഞ ജൂണിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സംഭവത്തിനു ശേഷം പുറത്തിറക്കാതെ ഒളിപ്പിച്ചിരുന്ന കാർ പൈവളിഗെയിൽ ഉപേക്ഷിച്ചത്. ആറ് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയവരടക്കം ആറുപ്രതികൾ ഇപ്പോഴും വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികളാരംഭിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL