കാട്ടാക്കട: പൂവച്ചലിൽ 82കാരിയെ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ രണ്ടു പേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ സ്വദേശി സച്ചിൻ, പാലേലി സ്വദേശിയും പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരനുമായ ലാലു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു,
ഇന്നലെ ഉച്ചയോടെ പൂവച്ചൽ ജംഗ്ഷന് സമീപം സച്ചിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം. നക്രാഞ്ചിറ സ്വദേശിയായ അമരാവതി ഭിക്ഷയെടുത്ത് ജിവിക്കുന്ന സ്ത്രീയാണ്. ഇന്നലെ വീട്ടിലെത്തിയ അമരാവതിക്ക് ഇവർ പത്ത് രൂപ നൽകിയിരുന്നു. പണം വാങ്ങി മടങ്ങിപ്പോകുമ്പോഴാണ് ഇവർ വൃദ്ധയെ തടഞ്ഞ് വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചുകയറ്റി പൂട്ടിയിട്ടത്.
വൃദ്ധ നിലവിളിച്ചെങ്കിലും പോകാൻ അനുവദിച്ചില്ല. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസാണ് വൃദ്ധയെ മോചിപ്പിച്ചത്. തുടർന്ന് സച്ചിനേയും ലാലുവിനേയും കസ്റ്റഡിയിലെടുത്തു. ഇരുവരേയും കോടതിയിൽ ഹാജരാക്കി. പൊലീസുകാരൻ സസ്പെൻഷനിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |