
തിരുവനന്തപുരം: മഴക്കാലത്ത് വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്ന കരിക്കകം വാർഡിൽ ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. വേൾഡ് മാർക്കറ്റിന്റെ പിറകുവശത്തെ വാഴവിള മുതൽ വള്ളക്കടവ് വരെ പാർവതി പുത്തനാർ ഒഴുകുന്ന 5 കിലോമീറ്ററോളം ദൂരത്തെ ഇരുകരകളിലുമാണ് വെള്ളക്കെട്ടിന്റെ പ്രശ്നമുള്ളത്.
വാർഡിലെ ദുരിതത്തിന് പരിഹാരം കാണാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാരിച്ച ചെലവ് കണക്കാക്കി നഗരസഭ പ്രദേശത്ത് ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
2000-2005 വരെ കരിക്കകം വാർഡ് കൗൺസിലറായിരുന്ന എസ്.രതീന്ദ്രന്റെ നേതൃത്വത്തിൽ വാർഡിൽ ഡ്രെയിനേജ് സംവിധാനം കൊണ്ടുവരുന്നതിനായി നഗരസഭ 30 സെന്റ് സ്ഥലം പമ്പിംഗ് സ്റ്രേഷനായി ദേശാഭിവർദ്ധിനി വായനശാലയ്ക്കടുത്ത് വാങ്ങിയിരുന്നു. ഇന്നത് കാടുകയറി കിടക്കുകയാണ്.നാട്ടുകാർ പാർക്കിംഗ് കേന്ദ്രമായി ഉപയോഗിക്കുന്നുണ്ട്.ഇവിടെ അടിയന്തരമായി പമ്പിംഗ് സ്റ്രേഷൻ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നഗരസഭയോട് ചേർത്ത്
2000ത്തിലാണ് കരിക്കകം ഉൾപ്പെടെ സമീപപ്രദേശങ്ങൾ തിരുവനന്തപുരം നഗരസഭയോട് കൂട്ടിച്ചേർത്തത്.എന്നാൽ നഗരസഭയുടെ ആനുകൂല്യങ്ങളൊന്നും ഇനിയും ഇവിടേക്കെത്തിയില്ലെന്നും ഡ്രെയിനേജ് സംവിധാനം പോലും നഗരസഭയ്ക്ക് ഒരുക്കാനായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
താഴ്ന്ന പ്രദേശം
തീരെ താഴ്ന്ന പ്രദേശമാണ് കരിക്കകവും പരിസരവും. മഴ പെയ്താൽ പ്രദേശത്താകെ പാർവതി പുത്തനാറിൽ നിന്ന് വെള്ളം കയറും. കക്കൂസുകൾ നിറഞ്ഞ് പ്രദേശത്തുകാരുടെ ജീവിതം ദുരിതമാകും.
സകലതും മലിനം
മഴക്കാലങ്ങളിൽ കരിക്കകം, ചാക്ക പ്രദേശത്തുകാരുടെ വീടുകളിലെ ടോയ്‌ലെറ്റുകൾ മൂന്നും നാലും മാസത്തിലൊരിക്കൽ വെള്ളം നിറയും. മാറ്റിയില്ലെങ്കിൽ വീടുകളിൽ താമസിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. പലരും വീട് പൂട്ടിയിട്ട് മാറിത്താമസിക്കും. ചിലരെങ്കിലും ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ വീട് വിറ്റോടിയിട്ടുമുണ്ടെന്ന് നാട്ടുകാർ പറയുന്നു.ഇടയ്ക്കിടെ സെപ്‌റ്റേജ് മാറ്റാൻ പണമില്ലാത്തവരുടെ സ്ഥിതി ദയനീയമാണ്. കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നവർക്ക് മലിനമായ വെള്ളമാണ് ഉപയോഗിക്കാൻ കിട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |