
ഉദിയൻകുളങ്ങര: കരമന -കളിയിക്കാവിള ദേശീയപാതയിൽ ട്രാഫിക് ബ്ലോക്ക് ഒഴിയാതെ ഉദിയൻകുളങ്ങര ജംഗ്ഷൻ. അനധികൃത വ്യാപാരികളുടെ റോഡ് കൈയേറ്റവും അനധികൃത പാർക്കിംഗുകളും കാരണം യാത്രക്കാരെ മണിക്കൂറോളം ദുരിതത്തിലാക്കുന്നു.അവധി ദിവസങ്ങളിൽ പോലും ദീർഘദൂര യാത്രക്കാർക്ക് ഉദിയൻകുളങ്ങര ജംഗ്ഷനിലെത്തണമെങ്കിൽ മണിക്കൂറുകളുടെ കാത്തിരിപ്പ് വേണ്ടിവരും.
വാഹനങ്ങൾ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതും അധികൃതരുടെ ഭാഗത്തെ വീഴ്ചയാണെന്ന് വ്യാപാരികളും യാത്രകാരും പറയുന്നു.
അനധികൃത പാർക്കിംഗ്
ഓട്ടോ - ടാക്സി സ്റ്റാൻഡുകളും റോഡ് കൈയേറിയാണ് സ്ഥിതി ചെയ്യുന്നത്.ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഉദിയൻകുളങ്ങരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ബസ് യാത്രക്കാർ റോഡിൽ കയറി നിന്നുവേണം ബസ് കാത്തുനിൽക്കാൻ.ഉദിയൻകുളങ്ങരയിലെ പബ്ലിക് മാർക്കറ്റ് പ്രവർത്തന ദിവസങ്ങളായ ഞായർ,ചൊവ്വ,വെള്ളി ദിവസങ്ങളിലും യാത്രാ ദുരിതമാണ്. മാർക്കറ്റിലെത്തുന്ന വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതും യാത്രാതടസം സൃഷ്ടിക്കുന്നു.
നടപടിയെടുക്കാതെ അധികൃതർ
നിരവധി സ്കൂൾ കോളേജുകൾ പ്രവർത്തിക്കുന്ന ധനുവച്ചപുരത്തേക്കെത്താൻ തിക്കുംതിരക്കുമുള്ള ഉദിയൻകുളങ്ങര ജംഗ്ഷൻ താണ്ടണം. പ്രവൃത്തി ദിവസങ്ങളിൽ വിദ്യാർത്ഥികൾ ഏറെ ദുരിതം അനുഭവിക്കേണ്ടതായി വരുന്നു. റോഡുകൾ കൈയേറിയുള്ള പാർക്കിംഗുകൾ വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ദുരിത പൂർണമായ സ്ഥിതിയാണ് നിലവിലുള്ളത്. ചില സ്ഥാപനങ്ങളെ പ്രത്യേകം പരിഗണിച്ച് അധികൃതർ വാഹനങ്ങൾ റോഡിൽ തന്നെ പാർക്ക് ചെയ്യാനുള്ള അനുമതി നൽകുന്നതും ദുരിതമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |