SignIn
Kerala Kaumudi Online
Friday, 23 October 2026 4.57 PM IST

ഭാര്യയെയും മക്കളെയും പുറത്താക്കിയ ക്രൂരത ഭർത്താവിനെതിരെ കേസെടുത്തു

നഗരസഭ ജീവനക്കാരനായ അജിത് റോബിൻസണിനായി അന്വേഷണം

വിഴിഞ്ഞം: വെണ്ണിയൂർ വവ്വാമൂലയിൽ ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും പുറത്താക്കി വീടുപൂട്ടി മുങ്ങിയ സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പൊന്നാനി നഗരസഭയിൽ കണ്ടിജന്റ് ജീവനക്കാരനായ അജിത് റോബിൻസണിനെതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. ഭാര്യ നീതുവിന്റെ പരാതിയെ തുടർന്ന് കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവുമാണ് കേസ്. സംഭവം പുറത്തുവന്നതിനു പിന്നാലെ ജില്ലാ കളക്ടർ അനുകുമാരിയും സബ്കളക്ടർ ആൽഫ്രഡും വിഷയത്തിൽ ഇടപെട്ട് അമ്മയ്ക്കും കുട്ടികൾക്കും സുരക്ഷയും ഭക്ഷണവും മരുന്നും ഉൾപ്പെടെ ലഭ്യമാക്കാൻ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രകാശിനെ ചുമതലപ്പെടുത്തി. തുടർന്ന് ഇവരെ നീതുവിന്റെ കുടുംബവീട്ടിലേക്ക് മാറ്റി. കളക്ടർ നീതുവിനോടും സബ്കളക്ടർ എസ്.എച്ച്.ഒയോടും സംസാരിച്ചു.

പിന്നാലെ വുമൺ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാർ യുവതിയുടെയും കുട്ടികളുടെയും മൊഴിയെടുത്തു.

അതേസമയം റോബിൻസണിനെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. മലപ്പുറം ജില്ലാ ഭരണകൂടവുമായും തദ്ദേശവകുപ്പുമായും ബന്ധപ്പെട്ട് ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇതു സംബന്ധിച്ച റിപ്പോർട്ട് നാളെ കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പറഞ്ഞു. വൃക്ക രോഗിയായ കുട്ടിയുടെ ചികിത്സ സംബന്ധിച്ച ആശുപത്രി അധികൃതരുമായി സബ് കളക്ടർ സംസാരിച്ചു.

വെള്ളിയാഴ്ചയായിരുന്നു ക്രൂരമായ സംഭവം. ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാതെ ബുദ്ധിമുട്ടിലായതോടെ നീതുവും കുട്ടികളും രാത്രിയിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. ഭർത്താവിനെതിരെ മുമ്പ് ഗാർഹിക പീഡനത്തിന് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകുകയും നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങുകയും ചെയ്തിരുന്നു. ഈ ഓർഡറിന്റെ കാലാവധി നീട്ടി ലഭിക്കാൻ കോടതിയിൽ പോയ സമയത്താണ് ഇയാൾ വീട് പൂട്ടി കടന്നുകളഞ്ഞത്.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടികളുടെ വിദ്യാഭ്യാസവും നാലു മാസമായി മുടങ്ങിയതായി നീതു പറഞ്ഞു. അജിത് റോബിൻസൺ യുവതിയെ മുമ്പ് വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചിരുന്നതായും ഇവരുടെ കിടക്ക കത്തിച്ചതായും പരാതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL