തിരുവനന്തപുരം: വെർച്വൽ തട്ടിപ്പിലൂടെ 52കാരന് 1.84 കോടി നഷ്ടമായി. സ്വകാര്യ കമ്പനി ജീവനക്കാരനായ കവടിയാർ ജവഹർനഗർ സ്വദേശിക്കാണ് പണം നഷ്‌ടമായത്. സി.ബി.ഐ ഓഫീസർ ചമഞ്ഞ് വിഡിയോകാൾ വഴി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ടെലിക്കോം അതോറിട്ടി ഓഫ് ഇന്ത്യയുടെ ഡൽഹിയിലുള്ള ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വന്ന ഒരു ഫോൺ കാളിൽനിന്നാണ് തട്ടിപ്പിന്റെ തുടക്കം. അശോക്‌ഗുപ്‌ത ഒന്നാം പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും കാൾ സി.ബി.ഐ ഇൻസ്പെക്ട്‌ടർക്ക് കൈമാറുകയാണെന്നും വിശ്വസിപ്പിച്ചു. തുടർന്ന് സി.ബി.ഐ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയ ഒരാൾ, തീവ്രവാദികൾക്ക് വേണ്ടിയാണോ കള്ളപ്പണം വെളുപ്പിച്ചതെന്ന് വീഡിയോകാളിലൂടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. പരാതിക്കാരനെ വെർച്വൽ അറസ്‌റ്റ് ചെയ്‌തതായി വിശ്വസിപ്പിച്ച ശേഷം ബാങ്ക് പാസ് ബുക്കുകളും മറ്റും അയയ്ക്കാൻ ആവശ്യപ്പെട്ടു. സ്‌ഥിരനിക്ഷേപം ഉണ്ടെന്ന് മനസിലാക്കിയ തട്ടിപ്പ് സംഘം പണം നിയമവിധേയമാണോയെന്ന് അറിയാൻ പരിശോധിക്കണമെന്നും അല്ലെങ്കിൽ കേസെടുക്കുമെന്നും നിയമവിധേയമാണെങ്കിൽ പണം തിരിച്ചുനൽകുമെന്നും പറഞ്ഞു.
കേസിൽ പ്രതിയാകുമെന്ന് ഭയന്ന് പരാതിക്കാരൻ പണം അയച്ചു കൊടുത്തു. 50 ലക്ഷം രൂപ ബാങ്കിൽ നിന്നും ലോണെടുത്താണ് കൈമാറിയതെന്നും സൈബർ ക്രൈം പൊലീസ് പറഞ്ഞു. ജനുവരി 14 മുതൽ ഫെബ്രുവരി 7വരെയാണ് പരാതിക്കാരനെ കബളിപ്പിച്ചത്. തട്ടിപ്പിന് ഇരയായ വിവരം ഏറെ വൈകി തിരിച്ചറിഞ്ഞ പരാതിക്കാരൻ വ്യാഴാഴ്ചയാണ് പരാതി നൽകിയത്. പണം കൈമാറിയ പ്രതികളുടെ ബാങ്ക് അക്കൗണ്ടും വിശദാംശങ്ങളും തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽ നമ്പറുകളും കേന്ദ്രീകരിച്ച് സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |