SignIn
Kerala Kaumudi Online
Wednesday, 29 July 2026 12.59 PM IST

കോട്ടൂരിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു

2

കാട്ടാക്കട: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ പ്രദേശം വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടുന്നു. സന്ധ്യ കഴിഞ്ഞാൽ ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടാണ്. കഴിഞ്ഞദിവസമാണ് പച്ചക്കാട് കുന്നിൻപുറം സ്വദേശികളായ സന്തോഷും ഭാര്യ കീർത്തിയും അപകടത്തിൽപ്പെട്ടത്. ആനപ്പാർക്കും നെയ്യാർഡാമും സന്ദർശിച്ചിട്ട് കോട്ടൂർ വഴി വീട്ടിലേക്ക് പോകുമ്പോഴാണ് വാഴപ്പള്ളിയിൽ വെച്ച് മാനുകൾ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് വിളിച്ചിട്ട് വരാത്തതിനാൽ ഫയർഫോഴ്സ് ആംബുലൻസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. 45 മിനിറ്റോളമാണ് വാഹനം ലഭിക്കാതെ സന്തോഷ് റോഡിൽ കിടന്നത്.

വന്യമൃഗ ശല്യത്തിൽ പൊറുമുട്ടിയ നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.

കൃഷി നശിപ്പിക്കലും

മാൻ, മയിൽ, കാട്ടുപോത്ത്, മലയണ്ണാൻ, കുരങ്ങ്, പന്നി എന്നിവ കോട്ടൂർ പ്രദേശത്ത് വ്യാപകമായ തോതിൽ കൃഷി നശിപ്പിക്കുന്നുണ്ട്. കുരങ്ങുകളുടെ ശല്യം കാരണം ഇളനീർ പോലും കിട്ടാത്ത സ്ഥിതിയാണ്. വീട്ടുമുറ്റത്തെ പച്ചക്കറി, ഫലവൃക്ഷക്കായ് ഫലങ്ങൾ ഒന്നും തന്നെ കിട്ടുന്നില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. നെട്ടുകാൽത്തേരി തുറന്ന ജയിലിന് സമീപമുള്ള പാർക്കിൽ നിന്നാണ് മാനുകൾ കൂട്ടമായി വിവിധ സ്ഥലങ്ങളിലെ കൃഷിസ്ഥലത്ത് എത്തുന്നത്. സംരക്ഷിതവേലിയുടെ അപാകത കാരണം മാനുകൾ പാർക്ക് വിട്ട് പുറത്ത് പോകും.

ആക്രമണവും രൂക്ഷം

കഴിഞ്ഞ ആഴ്ചയാണ് കള്ളിക്കാട് നിന്നും വളാവെട്ടിയിലെ വീട്ടിലേക്ക് ബൈക്കിലെത്തിയ യാത്രക്കാരനെ കാട്ടുപോത്ത് ആക്രമിച്ചത്. കോട്ടൂർ ഉത്തരംകോട് റോഡിലാണ് പന്നിയും, മാനും ഏറെ ശല്യമാകുന്നത്. പൊതുമരാമത്ത് റോഡ് പണി കഴിഞ്ഞതിനാൽ ഇരുചക്രവാഹനങ്ങൾ അമിതവേഗതയിലാണ് ഈ റോഡ് വഴി കടന്നുപോകുന്നത്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ആന പാർക്കിലേക്ക് നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന പോകുന്നത്.

വന്യജീവികളുടെ ആക്രമണത്തിൽ നിരവധി ചെറുപ്പക്കാരാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ആശുപത്രിയിലായത്. ഗ്രാമപഞ്ചായത്ത് അധികൃതർ വന്യമൃഗ ശല്യത്തിനെതിരെ വിവിധ സ്ഥലങ്ങളിലായി ജാഗ്രത ബോർഡുകൾ സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL