SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.06 AM IST

അരിപ്പയിലെത്താം,​ വേനൽക്കാലം ആസ്വദിക്കാം

photo1

പാലോട്: അപൂർവ പക്ഷി വർഗങ്ങളുടെ പറുദീസയായ അരിപ്പയിലെ മനോഹാരിത ആസ്വദിക്കാൻ വനിതാ സഞ്ചാരികൾക്ക് സുവർണാവസരം. 23ന് വനിതാ സഞ്ചാരികൾക്ക് മാത്രമായി കെ.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ ട്രക്കിംഗിന് അവസരമൊരുക്കുകയാണ്.

പെരിങ്ങമ്മല ശാസ്‌താംനടയോട് ചേർന്നുള്ള ഇവിടെ തട്ടേക്കാടിന് സമാനമായുള്ള പക്ഷിവൈവിദ്ധ്യമാണുള്ളത്. ഇവിടെനിന്ന് 300ലധികം ഇനത്തിലുള്ള പക്ഷികളെയാണ് ഗവേഷകർ ഇതുവരെ കണ്ടെത്തിയത്. വേനൽക്കാലം ആസ്വദിക്കാൻ തയ്യാറെടുക്കുന്നവർക്ക് അനുയോജ്യമായ ഒരിടമാണ് അരിപ്പ.

അപൂർവമായ മക്കാച്ചിക്കാട എന്ന ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി പക്ഷിനിരീക്ഷകർ ഇവിടെ നിന്നാണ് കണ്ടെത്തിയതെങ്കിലും വനംവകുപ്പിന്റെ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ശാസ്ത്രജ്ഞരുടെ പരാതി. കേരളത്തിൽ കാണുന്ന ബ്ലാക്ക് വുഡ് പെക്കർ എന്ന കാക്ക മരംകൊത്തിയും പക്ഷികളിലെ ഗായകനായ ഇന്ത്യൻ ക്ഷാമയും ഇവിടെ ധാരാളമായി കണ്ടുവന്നിരുന്നു.

എന്നാൽ ഇവിടെ ഇവയുടെ എണ്ണം ക്രമാതീതമായി കുറയുകയാണെന്നും പരിഹാരമായി സർക്കാർ അരിപ്പയെ പക്ഷിസങ്കേതമായി പ്രഖ്യാപിച്ച് സംരക്ഷണമൊരുക്കണമെന്നുമാണ് ഗവേഷകരുടെ ആവശ്യം. ആന,കാട്ടുപോത്ത്,മ്ലാവ്,പന്നി,മാൻ,മലയണ്ണാൻ തുടങ്ങിയ മൃഗങ്ങളും വൈവിദ്ധ്യങ്ങളായ സസ്യജാലങ്ങളും ഈ വനമേഖലയിലുണ്ട്. കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയ്‌നിംഗ് കോളേജ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

അരിപ്പയിലെ അതിഥികൾ

താടിക്കാരൻ വേലിത്തത്ത,കാട്ടുമൂങ്ങ,ചാരത്തലയൻ ബുൾബുൾ,മീൻ പരുന്ത്,മേനി പൊന്മാൻ,കാട്ടുപൊടി പൊന്മാൻ, കിന്നരിപ്പരുന്ത്,മീൻ കൂമൻ,മേനിപ്രാവ്,കോഴിവേഴാമ്പൽ,ഉപ്പൻ കുയിൽ,കാട്ടുതത്ത തുടങ്ങിയ വിവിധയിനം പക്ഷികളെയും ഗവേഷകർ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.


വേനൽക്കാലം ആസ്വദിക്കാം

അരിപ്പ ഇക്കോ ടൂറിസം കേന്ദ്രത്തിൽ നടത്തുന്ന വനിതാ സഞ്ചാരികൾക്ക് മാത്രമുള്ള ട്രക്കിംഗിൽ രണ്ട് പകലും ഒരു രാത്രിയുമാണ് യാത്ര. പരമാവധി 17 പേർക്കാണ് പ്രവേശനം. വേനൽക്കാലം എന്ന പേരിൽ കെ.എഫ്.ഡി.സി സംഘടിപ്പിച്ചിട്ടുള്ള യാത്രയിൽ പക്ഷികളെ കാണാം,കാടറിയാം,ഒപ്പം ഗ്രന്ഥകാരനും റിട്ട.ഡി.എഫ്.ഒയുമായ ജെ.ആർ.അനിയോടൊപ്പം കാടിന്റെ കഥകളും കേൾക്കാം. താത്പര്യമുള്ളവർക്കായി ഫോൺ: 8289821004, 8289821101.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ