SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ഈഞ്ചയ്ക്കൽ ഫ്ലൈഓവർ നിർമ്മാണം ആദ്യഘട്ടം പൂർത്തിയായി അടിപ്പാത ഗതാഗതത്തിന് തുറന്നു

തിരുവനന്തപുരം: ദേശീയ പാത 66ൽ ഈഞ്ചയ്ക്കൽ ഭാഗത്തുനിന്ന് റോഡ് മുറിച്ച് പടിഞ്ഞാറെ കോട്ടയിലേക്കും തിരിച്ചും ഗതാഗതത്തിന് അനുവദിച്ചു.

ഈഞ്ചയ്ക്കലിൽ നിർമ്മിക്കുന്ന ഫ്ലൈഓവറിന്റെ ഗർഡറുകളുടേയും സ്പാനുകളുടേയും നിർമ്മാണം പൂർത്തിയായ സാഹചര്യത്തിലാണ് സർവീസ് റോഡിൽ നിന്ന് പാലത്തിനടയിലൂടെയുള്ള ഗതാഗതം സാദ്ധ്യമായത്. ഗതാഗതം പുനഃരാരംഭിച്ച ആദ്യനാളുകളിൽ ഗതാഗത കുരുക്കുണ്ടായി. പിന്നീട് പൊലീസിനെ ഡ്യൂട്ടിക്ക്നിയോഗിച്ചു.

ഫ്ലൈഓവർ നിർമ്മാണം പൂർത്തിയാകുമ്പോൾ സർവീസ് റോഡിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനാകുമെന്നാണ് ട്രാഫിക് പൊലീസ് കരുതുന്നത്.

ഇരു വശങ്ങളിലും അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ കഴക്കൂട്ടം ഭാഗത്തേക്ക് ഫ്ലൈഓവറിലൂടെ പോകാനാകും. അതുവരെ മുട്ടത്തറ നിന്ന് സർവീസ് റോഡിലേക്കുകടന്ന് ഈഞ്ചയ്ക്കൽ കഴിയുന്നിടത്തു വച്ച് പ്രധാന പാതയിലേക്ക് പ്രവേശിച്ചാണ് കഴക്കൂട്ടം ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്നത്. വൈകുന്നേരങ്ങളിൽ കോവളം ഭാഗത്തേക്കുള്ള വാഹനങ്ങൾ എതിർവശത്തെ സർവീസ് റോഡിൽ കുരുങ്ങി കിടക്കുന്നത് പതിവാണ്.

കുമരിച്ചന്തയിൽ പ്രധാന പാത തുറന്നു

ഫ്ലൈഓവർ നിർമ്മാണം ആരംഭിക്കാതെ കരാറുകാരൻ പിൻവാങ്ങിയതോടെ കുമരിച്ചന്തയിൽ അടച്ചിരുന്ന പ്രധാനപാത തുറന്നു. ഇവിടെ സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചു. നാഷണൽ ഹൈവേ അതോറിട്ടി നിശ്ചയിച്ചിരിക്കുന്ന രീതിയിൽ ഫ്ലൈഓവർ നിർമ്മിച്ചാൽ കുമരിച്ചന്തയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ഉൾപ്പെട്ട സമരസമിതി ഫ്ലൈഓവർ നിർമ്മാണത്തെ എതിർത്തിരുന്നു. മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ പൂന്തുറ- അമ്പലത്തറ പാതയ്ക്ക് കൂടുതൽ വീതി ലഭിക്കുന്ന വിധത്തിൽ ഫ്ലൈഓവർ നിർമ്മിക്കാമെന്ന് ദേശീയ പാത അതോറിട്ടി അറിയിച്ചിരുന്നു. ഇതിനു കരാർ പുതുക്കേണ്ടതുണ്ട്. അതിൽ കാലതാമസം വരുമെന്നറിഞ്ഞതോടെയാണ് കരാറുകാരൻ പിൻവാങ്ങിയതെന്നാണ് അറിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL