
കാട്ടാക്കട: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ,കടമാൻകുന്ന്,കള്ളിയൽ പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളും കാട് മൂടിയ നിലയിലായിട്ട് മാസങ്ങൾ ഏറെയായി.നിരവധി തവണ ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെയും പൊതുമരാമത്ത് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു ഫലവുമില്ല.സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമാണുള്ളത്.സ്കൂൾ കുട്ടികൾ കാൽനടയായാണ് ഇതുവഴി പോകുന്നത്.എന്നാൽ റോഡിന്റെ ടാർ ഒഴിഞ്ഞുള്ള ഇരുവശങ്ങളും കാട് മൂടിയ നിലയിലാണ്.
വള്ളിപ്പടർപ്പുകളും,പാഴ്ചെടികളും കൊണ്ട് മൂടിയതിനാൽ കാൽനടക്കാർക്ക് വാഹനങ്ങൾ വന്നാൽ ഒഴിഞ്ഞുമാറാൻ പറ്റാത്ത അവസ്ഥയാണ്.തലങ്ങും വിലങ്ങും വാഹനങ്ങൾ വരുമ്പോൾ കൊച്ചുകുട്ടികൾ അടക്കം ഭയത്തോടെയാണ് നീങ്ങുന്നത്.ചുറ്റും ഇഴജന്തുക്കൾ ഉള്ളതാണ് കാരണം.
പൊട്ടിപ്പൊളിഞ്ഞ ഈ റോഡ് നന്നാക്കുന്നതിനും നാളിതുവരെ നടപടിയില്ല.റോഡിന്റെ ഇരുവശങ്ങളിലും സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ അഞ്ചു വർഷം മുൻപ് നട്ട ഫലവൃക്ഷത്തെകളും മറ്റ് ചെടികളും വൻ മരങ്ങളായി വളർന്നിരിക്കുകയാണ്.യാത്രക്കാരുമായി ബസ് പോകുമ്പോൾ മരച്ചില്ലകൾ യാത്രക്കാരുടെ മുഖത്ത് തട്ടും.
കോട്ടൂർ - കള്ളിയൽറോഡിൽ,പൈനാപ്പിൾ കൃഷി നടക്കുന്ന മുക്കാട്ട് മല എസ്റ്റേറ്റ് ആൾവാസമില്ലാത്ത വിജനമായ പ്രദേശമാണ്.ഇവിടെ റോഡിന്റെ ഇരുവശങ്ങളിലും അറവു മാലിന്യങ്ങൾ രാത്രികാലങ്ങളിൽ നിക്ഷേപിക്കാറുണ്ട്.തെരുവ് നായ്ക്കൾ മാലിന്യങ്ങൾ കടിച്ച് റോഡിലേക്ക് കൊണ്ടിടുന്നതും പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |