നെയ്യാറ്റിൻകര: കാലം തെറ്റി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ പെട്ട് താലൂക്കിലെ തേൻ കർഷകർ ദുരിതത്തിലായി. പാരമ്പര്യമായി കുടിൽ വ്യവസായം പോലെ തേനീച്ച വളർത്തി ഉപജീവന മാർഗം തേടിയിട്ടുള്ള കോടങ്കര പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങളാണ് ഇതു കാരണം കഷ്ടത്തിലായത്. മഴക്കാലം തേനീച്ചയ്ക്കും തേൻകർഷകർക്കും കഷ്ടകാലമാണ്. അതേസമയം മേയ് അവസാനം ആരംഭിക്കുന്ന കോരിച്ചൊരിയുന്ന ഇടവപ്പാതി മഴയിൽ തേൻ കൃഷിയുടെ വറുതിക്കാലമാകും.
കോടങ്കര പ്രദേശത്ത് മാത്രം ഏതാണ്ട് എണ്ണൂറിലേറെ കുടുംബങ്ങളാണ് തേനീച്ച വളർത്തലിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഒരു കാലത്ത് ലാഭകരമായിരുന്ന തേൻ കച്ചവടം ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്.
സഹകരണ സംഘങ്ങൾ വഴിയും ഖാദി ബോർഡ് വഴിയുമൊക്കെ വില്ക്കുന്ന തേനിനാണ് ഇപ്പോൾ വിപണിയിൽ കൂടുതൽ ഡിമാന്റ്. അതിനാൽ ഹോർട്ടികോർപ്പ് വഴി കർഷകർക്ക് ആവശ്യമായ സബ്‌സിഡി ലോണുകളും മിനിമം താങ്ങുവിലയും ഉറപ്പാക്കണമെന്ന് കർഷക സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. തേൻ കർഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടങ്ങര മുതൽ സെക്രട്ടേറിയറ്റ് വരെ തേനീച്ച കൂടുമായി കാൽനട സമരം ചെയ്തിട്ടും ഈ വിഭാഗം കർഷകർക്ക് ഇപ്പോഴും അവഗണനയാണ് മിച്ചം.
മതിയായ വില ലഭിക്കുന്നില്ല
ഉത്പാദിപ്പിക്കുന്ന തേൻ വിറ്റഴിക്കാൻ കഴിയാതെ കർഷകർ ബുദ്ധിമുട്ടുന്നു. ഇവിടെ നിന്നും തേൻശേഖരിക്കുന്ന ഹോർട്ടികോർപ്പിന് പരിമിതമായ സംഭരണ-സംസ്കരണ ശേഷി മാത്രമാണുള്ളത്. ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങളോ ശീതീകരണ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ തേൻ കേടുകൂടാതെ സൂക്ഷിക്കുക പ്രയാസമാണ്. ഇതു കാരണം ഇവർ തേൻകൃഷി പ്രോത്സാഹിപ്പിക്കുകയോ കൂടുതൽ അളവിൽ തേൻ ശേഖരിക്കുകയോ ചെയ്യുന്നില്ല.വിപണിയിൽ വില ലഭിക്കാത്തതും, ഇടനിലക്കാരുടെ ചൂഷണവും തേൻ കർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്.
ഗുണനിലവാര മാനദണ്ഡങ്ങൾ
എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങൾ പ്രകാരം തേനിൽ ഈർപ്പത്തിന്റെ അളവ് 20 ശതമാനത്തിൽ താഴെയായിരിക്കണം. ഈ അനുപാതം കണ്ടെത്താൻ വലിയ തോതിലുള്ള യന്ത്രവത്കൃത സംസ്കരണ പ്ലാന്റുകൾ ആവശ്യമാണ്.ഇത് സാധാരണ കർഷകർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. മാത്രമല്ല ചില നാടൻ പൂക്കളിൽ നിന്നും ശേഖരിക്കപ്പെടുന്ന തേനിന് പൊതുവിൽ കട്ടി കുറവും ഈർപ്പം കൂടിയുമിരിക്കും. ഇത് കർഷകരുടെ വിപണിയെ ബാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |