
വിഴിഞ്ഞം: കുറ്റിക്കാടുകളും പായലുകളും നിറഞ്ഞ് ഒഴുക്ക് നിലച്ചിരുന്ന മാലിന്യവാഹിയായ ഗംഗയാർ തോടിന്റെ ശുചീകരണം ആരംഭിച്ചു. മഴക്കാല പൂർവ ശുചീകരണം നടത്തുന്നതിൽ അധികൃതരുടെ ഗുരുതര അനാസ്ഥയെ കുറിച്ച് ഏപ്രിൽ19ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നിലവിൽ തോട്ടിൽ പ്ലാസ്റ്റിക്കുകളും തെർമോക്കോളുകളും ഉൾപ്പടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലായിരുന്നു. മൈനർ ഇറിഗേഷൻ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് തോടിലെ മാലിന്യങ്ങളും പായലും നീക്കുന്ന ജോലികളാണ് കഴിഞ്ഞദിവസം ആരംഭിച്ചത്. എം.വിൻസെന്റ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് കളക്ടറുടെ 6.5 ലക്ഷം രൂപയുടെ അർബൻ ഫണ്ട് ഉപയോഗിച്ചാണ് നവീകരണമെന്ന് വാർഡ് കൗൺസിലർ കെ.എച്ച്. സുധീർഖാൻ പറഞ്ഞു.
പള്ളിച്ചൽ തോടിൽ നിന്ന് ആരംഭിച്ച് വെങ്ങാനൂർ ഏലാവഴി വിഴിഞ്ഞത്തെത്തിച്ചേരുന്ന ഗംഗയാർതോട് നേരെ കടലിലേക്കാണ് ഒഴുകിയിരുന്നത്. എന്നാൽ കടലിൽ ചേരുന്ന ഭാഗത്ത് മണൽ നിറഞ്ഞ് ഒഴുക്ക് നിലയ്‌ക്കുന്നതോടെ തോട് നിറയും. തുറമുഖ നിർമ്മാണ സമയത്ത് നിർമ്മാണ കമ്പനി തോട്ടിലെ മണൽ നീക്കം ചെയ്‌ത് ജലം കടലിലേക്ക് ഒഴുക്കിവിടാറുണ്ടായിരുന്നു.
എം.എൽ.എയുടെ ഇടപെടൽ
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോട് ചേർന്നുള്ള ഭാഗത്ത് കുറച്ചുവർഷം മുമ്പ് തോട് നിറഞ്ഞുകവിഞ്ഞ് സമീപത്തെ കടകളിലും വീടുകളിലും വെള്ളം കയറി. ഇതോടെ എല്ലാ വർഷവും തോട്ടിലെ മാലിന്യം നീക്കാനും വൃത്തിയാക്കാനും തീരുമാനിച്ചു. എന്നാൽ ഈ വർഷം മൈനർ ഇറിഗേഷൻ വകുപ്പ് മാലിന്യം നീക്കുന്നതിനോ കെട്ടിക്കിടക്കുന്ന ജലം ഒഴുക്കുന്നതിനോ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനെത്തുടർന്നാണ് എം.എൽ.എ യുടെ ഇടപെടൽ.
പുതിയ പാലം വരും
മത്സ്യബന്ധന തുറമുഖത്തിന് സമീപം ഗംഗയാർ തോടിന് കുറുകെ കെട്ടിയിരുന്ന ചെറിയ പാലത്തിന്റെ തൂണുകളിൽ മാലിന്യം തടഞ്ഞാണ് ഒഴുക്ക് നിലച്ചിരുന്നത്. ഇവിടെ പഴയ നടപ്പാലം പൊളിച്ച് തൂണുകൾ ഇല്ലാതെ പുതിയ പാലം പണിയും. ഇതിനായി മുൻ ഭരണസമിതിയുടെ കാലത്ത് 50 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചതായി അന്നത്തെ വിഴിഞ്ഞം വാർഡ് കൗൺസിലർ പനിയടിമ ജോൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |