പദ്ധതി കോർപ്പറേഷന്റെ സഹകരണത്തോടെ
പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും രോഗികൾക്കായി ഇലക്ട്രിക് ബസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രി, എസ്.എ.ടി, ഡെന്റൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെത്തുന്ന ആളുകൾക്കായാണ് പാർക്കിംഗ് കേന്ദ്രമൊരുങ്ങുന്നത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് പിറകിലുള്ള വിശാലമായ സ്ഥലം വൃത്തിയാക്കി 2500വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കം.
ഇന്നലെ നടന്ന മന്ത്രിതലയോഗത്തിൽ നടപടികൾക്ക് തുടക്കമായി. കാടുപിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കി പാർക്കിംഗ് സൗകര്യത്തിനായി നിരപ്പാക്കാൻ ചെളിക്കെട്ട് ഒഴിവാക്കാനുമുള്ള പ്രവർത്തികളാണ് ചെയ്യേണ്ടത്. ഇതിനായി ആറുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് കണക്ക്. സർക്കാർ ഫണ്ടുകൾക്ക് കാത്തുനിൽക്കാതെ സ്‌പോൺസർഷിപ്പിലൂടെ അടിയന്തരമായി ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. ജീവനക്കാർക്കും രോഗികൾക്കും പ്രത്യേകം ഇടങ്ങൾ തിരിച്ച് പാർക്കിംഗ് ഉറപ്പാക്കിയാൽ പരിസരത്തെ നിലവിലെ അവസ്ഥയ്ക്ക് മാറ്റംവരുമെന്നാണ് അധികൃതരുടെ വാദം. പാർക്കിംഗ് ഡി.എം.ഇ ഓഫീസിന് പിറകിലായതിനാൽ മെഡിക്കൽ കോളേജ് ഒ.പിയിൽ ഉൾപ്പെടെ രോഗികൾ നടന്നുവരുന്നത് പ്രായോഗികമല്ല. ഇതിനായി കോർപ്പറേഷന്റെ സഹകരണത്തോടെ സ്മാർട് സിറ്റിയുടെ ഭാഗമായ രണ്ട് ഇലക്ട്രിക് ബസുകൾ സജീകരിക്കും. ഡ്രൈവറും കണ്ടക്ടറും കെ.എസ്.ആർ.ടി.സിയുടേത് വേണമോ മറ്റുജീവനക്കാരെ നിയോഗിക്കണമോയെന്നും പരിശോധിക്കുന്നുണ്ട്. ബസ് ചാർജ്ജിംഗ് പോയിന്റുകൾ മെഡിക്കൽ കോളേജ് അധികൃതർ ഒരുക്കും. പൊലീസിന്റെ സഹായത്തോടെയാകും പാർക്കിംഗ് നിയന്ത്രിക്കുന്നത്. കോർപ്പറേഷൻ അധികൃതരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും വിശദമായ ചർച്ച ഇന്ന് നടക്കും.
സൗജന്യ യാത്ര, ആറ് സ്റ്റോപ്പുകൾ
ഡി.എം.ഇ ഓഫീസിന് പിറകിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഇലക്ട്രിക് ബസിൽ യാത്ര സൗജന്യമായിരിക്കും. ആർ.സി.സി, ശ്രീചിത്ര,ഡെന്റൽ കോളേജ്, മെഡിക്കൽ കോളേജ് ഒ.പി, മൾട്ടി സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി എന്നിങ്ങനെ 6സ്റ്റോപ്പുകൾ ക്രമീകരിച്ച് ആളുകളെ എത്തിക്കാനാണ് പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |