പൂവാർ: കാറ്റും മഴയും ശക്തമായി തുടരുന്നതിനാൽ കടലിൽ പോകരുതെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകൾ വന്നുതുടങ്ങിയതു മുതൽ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലായി. 9-ാം തിയതി മുതൽ ട്രോളിംഗ് നിരോധനം വരുന്നതോടെ തീരദേശവാസികൾ ദുരിതത്തിലാകും. ഈ സമയം ആഭരണങ്ങൾ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തും പലരും കടത്തിൽ മുങ്ങും. കാലാവസ്ഥാ വ്യതിയാനവും ട്രോളിംഗ് നിരോധനവും സൃഷ്ടിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
നഷ്ടപരിഹാരം വേണം
കടൽത്തീരത്തിനടുത്ത് കഴിയിയുന്ന കുടുംബങ്ങൾ തീരമേഖലയിൽ നിരവധിയാണ്. പലപ്പോഴും പ്രകൃതിക്ഷോഭം ശക്തമാകുമ്പോൾ തീരത്ത് അടുക്കിവച്ചിട്ടുള്ള യാനങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിക്കാറുണ്ട്. എന്നാൽ സർക്കാർ ഇവയ്ക്ക് നൽകുന്നത് പരിമിതമായ നഷ്ടപരിഹാരമാണ്, അതും സമയബന്ധിതമായി ലഭിക്കാറില്ല. മത്സ്യങ്ങളുടെ ലഭ്യതക്കുറവ് കാരണം കടൽപ്പണി നഷ്ടത്തിലാകുന്ന സാഹര്യമാണ്. ബോട്ടുവാടകയും മണ്ണെണ്ണയുടെ വിലയും ഭക്ഷണച്ചെലവും കൊടുത്തുതീർക്കാനാകാത്തതാണ്.
ആവശ്യങ്ങൾ
കടൽക്ഷോഭത്തിൽ തകർന്ന മത്സ്യബന്ധന ഉപകരണങ്ങൾക്കും യാനങ്ങൾക്കും സഹായം നൽകണം.
സഹകരണ സംഘങ്ങൾ വഴിയും ദേശസാത്കൃത ബാങ്കുകൾ വഴിയും പലിശരഹിത വായ്പകൾ ഉറപ്പാക്കണം.
പ്രകൃതിക്ഷോഭ മുന്നറിയിപ്പുകളോടൊപ്പം അടിയന്തര സേവനം ഉറപ്പ് വരുത്താൻ മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ സേനയെ വിന്യസിക്കണം. തീരസംരക്ഷണം ഉറപ്പാക്കണം.
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പ്രതിസന്ധിയിലായ മത്സ്യമേഖലയ്ക്ക് സർക്കാർ അടിയന്തര സഹായം ഉറപ്പാക്കണം.
മത്സ്യബന്ധന തുറമുഖം നവീകരിക്കണം
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വഴിയാണ് തമിഴ്നാട്ടിലെ തൂത്തുർ മുതൽ വേളി വരെയുള്ള തൊഴിലാളികൾ കടലിൽ പോകുന്നത്.എന്നാൽ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ സ്ഥിതി ശോചനീയമാണ്.അത് പരിഹരിക്കാൻ ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, മറൈൻ എൻഫോഴ്സ്മെന്റ്,കോസ്റ്റൽ പൊലീസ്, വിഴിഞ്ഞം ലോക്കൽ പൊലീസ്,കോസ്റ്റ് ഗാർഡ്,ഇലക്ട്രിസിറ്റി,ആരോഗ്യ വിഭാഗം,വിവിധ സന്നദ്ധ സാമൂഹിക സംഘടനകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി കളക്ടറുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |