
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളിലെ പൂട്ട് പൊട്ടിച്ച് മോഷണം നടത്തിവന്നയാളെ പൊലീസ് പിടികൂടി. മോഷണങ്ങൾ പതിവായിരുന്നെങ്കിലും ഇയാളെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച്ച മുള്ളറവിള കല്ലുപാലം ശ്രീകണ്ഠൻ ശാസ്താക്ഷേത്രത്തിൽ നടത്തിയ മോഷണദൃശ്യങ്ങളാണ് പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്. വണ്ടന്നൂർ പുതുക്കാട്ടുവിള അംബേദ്കർ കോളനിയിൽ പ്രശാന്തൻ (42) ആണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്.വണ്ടന്നൂർ പാപ്പാകോട്, വെള്ളറട തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി മോഷണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിൽ പാപ്പാകോട് ക്ഷേത്രത്തിലെ മോഷണത്തിന് ഇയാൾ ഒന്നരവർഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സി.സി.ടിവി ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണത്തിൽ പെരുമ്പഴുതൂർ വെച്ചാണ് ഇയാൾ പിടിയിലായത്. എസ്.ഐ അക്ഷയ് കുമാർ, സി.പി.ഒമാരായ ആന്റണി മിറാൻഡ, നിധിൻ, രതീഷ് തുടങ്ങിയവർ അടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങിയുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിലെ ഇയാൾ നടത്തിയിട്ടുള്ള മറ്റു മോഷണ വിവരങ്ങൾ പുറത്തുവരൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |