SignIn
Kerala Kaumudi Online
Friday, 12 June 2026 6.30 AM IST

അന്യാധീനപ്പെട്ട് ആനാട് പബ്ലിക് മാർക്കറ്റ്

photo

നെടുമങ്ങാട്: ആനാട് പബ്ലിക് മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇരുപത് വർഷം മുമ്പാണ് ലക്ഷങ്ങൾ മുടക്കി ചന്ത നവീകരിച്ചത്. മാർക്കറ്റ് കോംപ്ലക്സിലെ ഏഴോളം കോൺക്രീറ്റ് കടമുറികളിൽ വനിതാസംരംഭക നടത്തിവരുന്ന കോഴിക്കട മാത്രമേ നിലവിൽ പ്രവർത്തിക്കുന്നുള്ളു. സമീപത്തെ ഷെഡുകളിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള ചെടിയും ജൈവ വളങ്ങളും വിൽക്കുന്ന കേന്ദ്രമാണ്. അടഞ്ഞു കിടക്കുന്ന മുറികളെല്ലാം ചോർന്നൊലിച്ച് തകർച്ചയുടെ വക്കിലാണ്. ചുറ്റുമതിലുണ്ടെങ്കിലും ഗേറ്റുകൾ തകർന്നു കിടക്കുന്നതിനാൽ ഏതുസമയത്തും ആർക്കും പ്രവേശിക്കാം. രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധശല്യം വർദ്ധിച്ചതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. ചുറ്റും കാടുകയറി, ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട് ഇവിടം. പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് അജൈവ വസ്തുക്കളും പാഴ് വസ്തുക്കളും നിക്ഷേപിക്കാനുള്ള കേന്ദ്രമായും പൊതുചന്ത മാറിക്കഴിഞ്ഞു. മത്സ്യ- മാംസ കച്ചവടം ഏറെനാളായി മാർക്കറ്റിന് പുറത്ത് പൊതുനിരത്തിലാണ് നടക്കുന്നത്. പബ്ലിക് മാർക്കറ്റ് ശുചീകരണം നടത്തി മത്സ്യ-മാംസ വില്പന ഇവിടേക്ക് മാറ്റണമെന്നും ആനാട് ഇക്കോ ഷോപ്പ് ഉൾപ്പെടെയുള്ള കാർഷിക വിപണനത്തിന് ചന്തയിൽ സൗകര്യം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL