SignIn
Kerala Kaumudi Online
Friday, 12 June 2026 6.29 AM IST

പൂവച്ചലിൽ പട്ടാപ്പകൽ മോഷണം; 15 പവൻ കവർന്നു

 സി.സി ടിവിയും മോഷ്ടിച്ചു

കാട്ടാക്കട: പൂവച്ചലിൽ സൈനികന്റെ വീട്ടിൽ നിന്ന് 15 പവനും ലോക്കറിന്റെ താക്കോലും സി.സി ടിവി ക്യാമറയും കവർന്നു. ഇന്നലെ പൂവച്ചൽ കോട്ടക്കുഴി 'വാസുദേവത്തിൽ' വിവേകിന്റെ വീട്ടിലായിരുന്നു മോഷണം.

വിവേകിന്റെ ഭാര്യ ജയലക്ഷ്മിയും രണ്ട് കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. ഇന്നലെ രാവിലെ പത്തോടെ ജയലക്ഷ്മി വീട് പൂട്ടി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പഠനത്തിനായി തിരുവനന്തപുരത്തെ കോളേജിലേക്ക് പോയ സമയത്തായിരുന്നു മോഷണം.വൈകിട്ട് നാലോടെ തിരികെ വീട്ടിലെത്തി മുൻവശത്തെ വാതിൽ തുറന്നപ്പോൾ അകത്തെ എല്ലാ ലൈറ്റുകളും തെളിഞ്ഞു കിടക്കുന്നത് കണ്ട് സംശയം തോന്നി. തുടർന്നുള്ള പരിശോധനയിലാണ് അടുക്കള വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്.

ബെഡ്റൂമിലെ അലമാരയും പൂർണമായി തകർത്ത നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന വിവേകിന്റെ മാല, ജയലക്ഷ്മിയുടെ താലിമാല,വളകൾ,കുഞ്ഞുങ്ങളുടെ ആഭരണങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്. വീടിന്റെ രണ്ടാം നിലയിലെ പിൻവശത്തെ ഉൾപ്പെടെ എല്ലാ വാതിലുകളും മോഷ്ടാവ് തുറക്കാൻ ശ്രമിച്ചിരുന്നു. തേങ്ങ പൊതിക്കുന്ന ഇരുമ്പ് പാര ഉപയോഗിച്ചാണ് കള്ളൻ അടുക്കള വാതിൽ കുത്തിത്തുറന്നത്.

മോഷണവിവരമറിഞ്ഞ് കാട്ടാക്കട എസ്.ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വാതിൽ പൊളിക്കാൻ ഉപയോഗിച്ച പാര പൊലീസ് പുരയിടത്തിൽ നിന്ന് കണ്ടെത്തി. കവർച്ചയ്ക്ക് ശേഷം പോകുന്ന ദൃശ്യങ്ങൾ പതിയാതിരിക്കാൻ മുൻവശത്തുണ്ടായിരുന്ന സി.സി ടിവി ക്യാമറയും മോഷ്ടാവ് കൊണ്ടുപോയി. മോഷണം നടത്തിയ ശേഷം പുറത്തുകടക്കാനായി പാചകവാതക സിലിണ്ടർ മതിലിനോട് ചേർത്തുവച്ച്, അതിൽ ചവിട്ടിക്കയറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

ഫോട്ടോ : മോഷണം നടന്നവീട് പൊലീസ് പരിശോധിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL