തിരൂർ: മയക്കുമരുന്ന് ലഹരിയിൽ കൈക്കുഞ്ഞിനെ ഉയരത്തിലേക്കെറിഞ്ഞ് പിടിച്ച് അഭ്യാസം കാണിച്ച പിതാവ് അരീപറമ്പിൽ മൻസൂറിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ പരാതിയിലാണിത്. ഇന്നലെ വൈകിട്ട് തൃപ്രങ്ങോട് കൈനിക്കരയിലാണ് സംഭവം. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രതി വൈകിട്ട് അഞ്ചോടെയാണ് ഒരു വയസു തികയാത്ത കുഞ്ഞിനെയുമെടുത്ത് പുറത്തേക്കിറങ്ങിയത്. ആ സമയം ഇയാളുടെ ഭാര്യ മറ്റ് കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോയിരുന്നു.
കുഞ്ഞിനെ ഇയാൾ മുകളിലേക്കെറിഞ്ഞ് പിടിക്കുന്നതു കണ്ട നാട്ടുകാർ ഇടപെട്ട് തടഞ്ഞു. നാട്ടുകാർ കുട്ടിയെ മോചിപ്പിച്ച ശേഷവും ഇയാൾ ലഹരി മൂത്തുള്ള അഭ്യാസപ്രകടനങ്ങൾ തുടർന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരും അന്വേഷണം ആരംഭിച്ചു. മക്കളെ പൊള്ളലേൽപ്പിച്ച കേസിൽ ഇയാൾ പ്രതിയാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിയുടെ ക്രൂരത കാരണം മൂത്ത കുട്ടി വല്യമ്മയുടെ കൂടെയാണ് താമസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |