
കിളിമാനൂർ: ഓണ സദ്യക്കൊപ്പം നാടൻ നേന്ത്രക്കായ് വറുത്തത് ഇത്തവണ പടിക്ക് പുറത്താകും. ഈ ഓണത്തിന് തൂശനിലയിൽ ഇടം പിടിക്കുക തമിഴ്നാടൻ നേന്ത്രക്കുലകളുടെ ശർക്കര വരട്ടി, ഉപ്പേരി തുടങ്ങിയവയാകും.
മഴയിലും കാറ്റിലും കേരളത്തിലെ ഏത്തവാഴ കൃഷി നശിച്ചതാണ് പ്രതിസന്ധിക്ക് കാരണം.വരവ് ഏത്തക്കുലയ്ക്ക് കിലോയ്ക്ക് 50 രൂപയാണ് വില. കർഷകർ നാടൻ ഏത്തക്കുല കൊടുത്താൽ കിട്ടുന്നതാകട്ടെ 50 ൽ താഴെയും. ചുരുക്കത്തിൽ കൃഷിയിറക്കിയ കർഷകർക്കും ദുരിതമാണ്.
ഓണം അടുക്കുമ്പോൾ വറ്റൽ തയ്യാറാക്കാൻ നാടൻ കായ്കൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. വരുത്തൻ തന്നെയാണ് ആശ്രയമെന്ന് ചിപ്സ് വ്യാപാരികളും പറയുന്നു.
കൃഷിച്ചെലവ് കണക്കാക്കിയാൽ ഭാരിച്ച നഷ്ടമാണ്. ഗ്രാമച്ചന്തകളും കർഷക ഓപ്പൺ മാർക്കറ്റുകളും നിലച്ചുപോയതിനാൽ വിപണന സാദ്ധ്യതയും നഷ്ടമായി.
ജില്ലയിൽ ചിറയിൻകീഴ്,കിളിമാനൂർ,നെടുമങ്ങാട്,കല്ലറ മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായിട്ടുള്ളത്. 100 ലധികം കർഷകർ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്.
മുൻവർഷങ്ങളിൽ ഏത്തക്കുലയ്ക്കുണ്ടായ വിലയിടിവ് കർഷകരെ വാഴക്കൃഷിയിൽ നിന്ന് അകറ്റി. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു.
വളത്തിനുണ്ടായ അമിത വില വർദ്ധനവും ബുദ്ധിമുട്ടിലാക്കി. പൊട്ടാഷിനടക്കം വില ഉയർന്നു.
ഇലകൾക്ക് 5 രൂപ വരെ ലഭിച്ചിരുന്നു.ഹോട്ടലുകളിലും കല്യാണ സദ്യക്കും മറ്റും വാഴയില ആവശ്യമാണ്.എന്നാൽ,തമിഴ്‌നാട്ടിൽനിന്ന് ലോഡുക്കണക്കിന് വാഴയില വ്യാപകമായി കൊണ്ടുവരാൻ തുടങ്ങിയതോടെ ഈ മേഖലയിലും കർഷകർക്ക് തിരിച്ചടിയായി.
'വേനൽച്ചൂടിൽ വാഴകളുടെ ഇലകരിഞ്ഞുപോകുന്ന സ്ഥിതിയായിരുന്നു. ഇത് ഏറെ പ്രയാസപ്പെട്ടാണ് മറികടന്നത്. ഇതിനിടെയാണ് കനത്തമഴയെത്തിയത്. ഇതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. നിരവധി കർഷകരുടെ വാഴക്കൃഷി നശിച്ചു. നഷ്ടപരിഹാരം കിട്ടിയാലും കടം മാത്രമാണ് മിച്ചം. മലയോരത്ത് കാട്ടുമൃഗങ്ങളുടെ ശല്യവും ഇരട്ടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |