തിരുവനന്തപുരം: എൻ.എച്ച് 66ലെ കഴക്കൂട്ടം കടമ്പാട്ടുകോണം റീച്ചിൽ പുതുതായി ഉൾപ്പെടുത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്കായി,ദേശീയപാത അതോറിട്ടി 959.25 കോടി രൂപയുടെ കരാർ ക്ഷണിച്ചു.
12 വയഡക്ട് പാതകളും,രണ്ട് കട്ട് ആൻഡ് കവർ ടണലുകളും,ഒരു അണ്ടർപാസുമാണ് പുതുതായി നിർമ്മിക്കുന്നത്. നേരത്തെ കഴക്കൂട്ടം കടമ്പാട്ടുകോണം റീച്ചിന് 3467 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
മലപ്പുറത്ത് കൂരിയാടും, കൊല്ലത്ത് മൈലാക്കാടും ദേശീയപാതയിൽ റീട്ടെയ്നിംഗ് വാളുകൾ നിർമ്മിച്ച് മണ്ണ് നിറച്ച് നടത്തിയ നിർമ്മാണങ്ങളിലെ അപാകത മൂലം അപകടമുണ്ടായിരുന്നു. തുടർന്ന് എൻ.എച്ച് 66ൽ നിർമ്മാണം ശേഷിക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ ഇടത്ത്,ഡിസൈൻ പുനഃപരിശോധിച്ച് വയഡക്ട് പാതകൾ നിർമ്മിക്കാൻ ദേശീയ പാത അതോറിട്ടി നേരത്തെ തീരുമാനിച്ചിരുന്നു.
അതിന്റെ ഭാഗമായാണ് ഈ റീച്ചിലും അധിക നിർമ്മാണത്തിന് പുതിയ കരാർ ക്ഷണിക്കുന്നത്.
പള്ളിപ്പുറത്ത് ടെക്‌നോപാർക്ക് ഫേസ് 4ന് സമീപം കനത്ത മഴയിൽ മുൻപ് ദേശീയപാതയിൽ വെള്ളം കയറിയിരുന്നു. കുറക്കോട്,ടെക്‌നോസിറ്റി മേഖലയിൽ റോഡ് മുഴുവൻ വെള്ളത്തിൽ മുങ്ങിയതോടെ മണിക്കൂറുകളോളം വാഹന ഗതാഗതം തടസപ്പെട്ടിരുന്നു.
തൂണുകൾക്ക് മുകളിൽ നിർമ്മിക്കുന്നതാണ് വയഡക്ട് പാത
ഡിസൈൻ പുനഃപരിശോധിച്ചാണ് ഉയരപ്പാതകളുടെ നീളം കൂട്ടാൻ തീരുമാനിച്ചത്.
ടെക്‌നോപാർക്ക് ഫേസ് 4, പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷൻ,ആറ്റിങ്ങൽ മാമം എന്നിവിടങ്ങളിലാണ് വയഡക്ട് പാതകൾ വരുന്നത്
ആകെ നീളം 5.34 കിലോമീറ്റർ
11.15 കിലോമീറ്റർ ദൈർഘ്യമുള്ള ആറ്റിങ്ങൽ ബൈപാസിൽ വയലുകളും നദിയും വരുന്ന സ്ഥലത്ത് മണ്ണിന് ഉറപ്പില്ലാത്ത ഭാഗത്താണ് തൂണുകൾക്കു മുകളിൽ പാത നിർമ്മിക്കുക. ഇവിടെ വാമനപുരം നദി കഴിഞ്ഞുള്ള ഭാഗത്താണ് കട്ട് ആൻഡ് കവർ രീതിയിൽ 2 ടണലുകൾ നിർമ്മിക്കുക.
കാൽനട യാത്രക്കാർക്കായി അണ്ടർപാസ് വരുന്നതും ആറ്റിങ്ങൽ ബൈപ്പാസിലാണ്
ഇഴഞ്ഞു നീങ്ങുന്ന നിർമ്മാണം
എൻ.എച്ച് 66ൽ മന്ദഗതിയിൽ നിർമ്മാണം നടക്കുന്നത് കഴക്കൂട്ടം കടമ്പാട്ടുകോണം റീച്ചിലാണ്. പകുതി നിർമ്മാണമാണ് ഇതുവരെ പൂർത്തിയായത്. നേരത്തെയുള്ള പ്ലാൻ പ്രകാരം
ഈ ഡിസംബറിൽ നിർമ്മാണം പൂർത്തിയാകണമായിരുന്നു.പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |